ബീജിങ്: വെറും അഞ്ചുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിനും മൂന്നുദിവസത്തെ പരിചയത്തിനും ശേഷം വിവാഹിതനായ ചൈനീസ് യുവാവ് ഒമ്പതാം ദിവസം വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന ഗു എന്ന മുപ്പത്തിരണ്ടുകാരനാണ് തന്റെ ഭാര്യയ്ക്കും ഇതിന് കാരണക്കാരായ മാട്രിമോണിയൽ ഏജന്സിക്കുമെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. കുടുംബത്തിൽനിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണ് താൻ ഇത്രയും ധൃതിപിടിച്ച് വിവാഹത്തിന് സമ്മതിച്ചതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
മാട്രിമോണിയൽ ഏജന്‍സി വഴി പരിചയപ്പെട്ട ഷാന്‍സി പ്രവിശ്യക്കാരിയായ മുപ്പതുകാരിയെയാണ് ഗു വിവാഹം കഴിച്ചത്. യുവതിക്ക് യാതൊരുവിധ കടബാധ്യതകളോ ക്രിമിനൽ പശ്ചാത്തലമോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നായിരുന്നു ഏജന്‍സി നൽകിയ ഉറപ്പ്. വിവാഹത്തിന് മുമ്പ് പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോര്‍ട്ടും കടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഏജന്‍സി അത് പാലിച്ചില്ല. ഒടുവിൽ വിവാഹശേഷം ഭാര്യയുമായി ബാങ്കിലെത്തിയപ്പോഴാണ് യുവതിക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് യുവാവ് മനസ്സിലാക്കുന്നത്. എന്നാൽ ഇത് തന്റെ മുന്‍ കാമുകന്റെ കടമാണെന്നായിരുന്നു യുവതിയുടെ മറുപടി.
ഇതിനുപുറമേ യുവതി മൊബൈൽ പേയ്മെന്റ് ആപ്പിൽ ഉപയോഗിച്ചിരുന്ന പേര് വ്യാജമാണെന്നും അവർക്ക് ഗുരുതരമായ കരൾ രോഗമുണ്ടെന്നും ഗു ആരോപിക്കുന്നുണ്ട്. താൻ പൂർണ്ണമായും വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യമായതിനാലാണ് വിവാഹമോചനം ആവശ്യപ്പെടുന്നതെന്ന് യുവാവ് പറയുന്നു. ഏജന്‍സിക്കുള്ള ഫീസും വധുവിന് നൽകിയ പണവുമടക്കം ഏകദേശം 31.8 ലക്ഷം രൂപ (265,000 യുവാൻ) ഗുവിന് ഈ വിവാഹത്തിനായി ചിലവായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം തുകയും ഏജൻസി ഫീസായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ നേരിട്ട് കാണുക പോലും ചെയ്യാതെയായിരുന്നു ഈ ധൃതിപിടിച്ചുള്ള വിവാഹം.
തുടക്കത്തിൽ വിവാഹമോചനത്തിന് യുവതി സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അവർ നിലപാട് മാറ്റി. ഭർത്താവിന്റെ പെട്ടെന്നുള്ള ഈ തീരുമാനം തന്നെ കടുത്ത മാനസിക വിഷാദത്തിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് അവരും കോടതിയെ സമീപിച്ചിട്ടുണ്ട്. വീട്ടിലെ ജോലികൾ ചെയ്യാനും മേക്കപ്പ് ധരിക്കാനും ഭർത്താവ് തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായി യുവതി കോടതിയെ അറിയിച്ചു. ഒപ്പം വലിയൊരു തുക നഷ്ടപരിഹാരവും അവർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പറഞ്ഞതുപോലെ വിവാഹം നടത്തിക്കൊടുത്തതിനാൽ വാങ്ങിയ തുക തിരിച്ചുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മാട്രിമോണിയൽ ഏജന്‍സി. തങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ദമ്പതികൾ ഒത്തുകളിക്കുകയാണെന്ന വിചിത്രമായ ആരോപണമാണ് അവർ ഉന്നയിക്കുന്നത്. എന്തായാലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ഇത്രയും ആലോചനയില്ലാതെ എടുത്തതിലുള്ള അത്ഭുതവും വിമർശനവും സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്. വിവാഹത്തെ തമാശയായി കാണുന്നവർക്ക് ഇതൊരു പാഠമാണെന്ന പ്രതികരണങ്ങളോടെ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.




