ലഖ്‌നൗ: മനുഷ്യസമൂഹവുമായി പൊരുത്തപ്പെടാനുള്ള തന്റെ അസാധാരണമായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ‘മൗഗ്ലി ഗേൾ’ എന്ന അഹ്‌സാസ് (18) അന്തരിച്ചു. ലഖ്‌നൗവിലെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള വനത്തിൽ കുരങ്ങന്മാർക്കൊപ്പം വളർന്ന അഹ്‌സാസിനെ ഒൻപത് വർഷം മുൻപാണ് അധികൃതർ കണ്ടെത്തിയത്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ‘ദി ജംഗിൾ ബുക്ക്’ എന്ന കഥയിലെ മൗഗ്ലി എന്ന കഥാപാത്രത്തോട് സാമ്യമുള്ള സാഹചര്യത്തിൽ കാണപ്പെട്ടതിനാലാണ് പ്രാദേശിക മാധ്യമങ്ങൾ അവൾക്ക് ‘മൗഗ്ലി ഗേൾ’ എന്ന് പേരിട്ടത്. പിന്നീട് പല പേരുകൾ ലഭിച്ചെങ്കിലും ഭൂരിഭാഗം ആളുകളും അവളെ ഈ പേരിൽത്തന്നെയാണ് ഓർമ്മിക്കുന്നത്.
2017 ജനുവരിയിലായിരുന്നു അഹ്‌സാസിനെ വനത്തിൽ നിന്നും കണ്ടെത്തുന്നത്. ബഹ്‌റൈച്ച് ജില്ലയിലെ കതർനിയാഘട്ട് മോട്ടിപൂർ റേഞ്ചിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷുഐബ് റെയ്‌നിയും രാജേഷ് യജ്ഞസൈനിയും ചേർന്ന് ഖപ്ര ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് സമീപം ഒരു കൂട്ടം കുരങ്ങന്മാർക്കൊപ്പം ഈ പെൺകുട്ടിയെ കാണുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും കുരങ്ങന്മാർ അക്രമാസക്തരായി തടസ്സം നിന്നു. ഒടുവിൽ ഏറെ പ്രയത്നിച്ചും യുപി പൊലീസിന്റെ സഹായം തേടിയുമാണ് കുട്ടിയെ അവിടെനിന്നും സുരക്ഷിതമായി മാറ്റാനായത്.
രക്ഷപെടുത്തിയ കുട്ടിയെ ആദ്യം പൊലീസ് സ്റ്റേഷനിലും പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും ഒടുവിൽ ബഹ്‌റൈച്ച് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് വർഷങ്ങളായി മനുഷ്യരുമായി യാതൊരു സമ്പർക്കവുമില്ലാതെയാണ് പെൺകുട്ടി കഴിഞ്ഞിരുന്നതെന്ന് വ്യക്തമായത്. അവൾക്ക് മനുഷ്യരെ കടുത്ത ഭയമായിരുന്നു. വസ്ത്രങ്ങൾ ധരിക്കാതെ നാലുകാലിലാണ് അവൾ നടന്നിരുന്നത്. സാധാരണ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അവളുടെ പെരുമാറ്റരീതികൾ.
തുടക്കത്തിൽ അവളോട് ആശയവിനിമയം നടത്തുക അസാധ്യമായിരുന്നു. കൈകളോ പാത്രങ്ങളോ ഉപയോഗിക്കാതെ പ്ലേറ്റിൽ നിന്നും നേരിട്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ദൈനംദിന കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ അറിയാത്ത അവൾക്ക്, സാധാരണ മനുഷ്യർ ചെറുപ്പത്തിൽ പഠിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും ആശുപത്രി ജീവനക്കാർക്കും പരിചാരകർക്കും പ്രത്യേകമായി പഠിപ്പിച്ചു കൊടുക്കേണ്ടി വന്നു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ പതുക്കെ അവളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. വസ്ത്രം ധരിക്കാനും ഭയം മാറ്റാനും ശീലിച്ചതോടെ അവൾ ‘അഹ്‌സാസ്’ എന്ന പേരിലേക്ക് മാറി. ബഹ്‌റൈച്ച് ജില്ലാ ആശുപത്രിയിലെ താമസത്തിനിടയിൽ ശുചീകരണ തൊഴിലാളികളായ മായയും രേണുവും അവളെ മനുഷ്യരുമായി പൊരുത്തപ്പെടാൻ ഏറെ സഹായിച്ചു. അവർ അവളുടെ ആവശ്യങ്ങൾ നോക്കുകയും ഭക്ഷണം നൽകി പതുക്കെ അവളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
പിന്നീട് ലഖ്‌നൗവിലെ നിർവാണ ഫൗണ്ടേഷനിലേക്ക് മാറ്റിയ അഹ്‌സാസിനെ റാണി എന്ന പരിചാരകയാണ് നോക്കിയിരുന്നത്. ഒടുവിൽ റാണി എന്ന പരിചാരകയെ അവൾ ‘അമ്മ’ എന്ന് വിളിക്കാൻ തുടങ്ങിയതായി ഫൗണ്ടേഷനിലുള്ളവർ ഓർക്കുന്നു. അവൾക്ക് ഒരിക്കലും പൂർണ്ണമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ആംഗ്യങ്ങളിലൂടെയും പുഞ്ചിരിയിലൂടെയും ആശയവിനിമയം നടത്താൻ അവൾ പഠിച്ചെടുത്തു. വർഷങ്ങൾ നീണ്ട മെഡിക്കൽ പരിചരണവും തെറാപ്പിയും കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും കുട്ടിക്കാലത്തുണ്ടായ മാനസിക ആഘാതങ്ങളിൽ നിന്നും പൂർണ്ണമായി മുക്തയാകാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് കടുത്ത മാനസിക വൈകല്യവും അപസ്മാരവും ഉണ്ടായിരുന്നുവെന്നും തലച്ചോർ പൂർണ്ണമായി വളർന്നിരുന്നില്ലെന്നും നിർവാണ ഫൗണ്ടേഷൻ പ്രസിഡന്റ് സുരേഷ് സിങ് ധാപോല വ്യക്തമാക്കി.




