Featured Oddly News

സമൂഹവിവാഹത്തട്ടിപ്പ്; കാത്തിരുന്നത് 42 വരന്മാർ, ഒരു വധു പോലും വന്നില്ല; ഇന്റർനെറ്റിലെ മോഡലുകളുടെ പടം കാട്ടി പറ്റിച്ചു ! കാശും പോയി

ഭോപ്പാല്‍: ഷേര്‍വാണി ധരിച്ചും, ചെണ്ടുമല്ലി മാലകളണിഞ്ഞും, മധുരപലഹാരങ്ങള്‍ നിറഞ്ഞ സ്‌റ്റീല്‍ ഡബ്ബകളേന്തിയും വിവാഹപ്പന്തലിലെത്തിയത്‌ 42 വരന്മാരായിരുന്നു. പക്ഷേ, അവര്‍ക്കായി ഒരു വധുപോലും ആ പന്തലിലേക്ക് എത്തിയില്ല. ഏറെ നേരം കാത്തിരുന്നശേഷമാണ്‌ തങ്ങള്‍ വലിയൊരു വിവാഹത്തട്ടിപ്പിന്‌ ഇരയായെന്ന സത്യം ആ വരന്മാര്‍ തിരിച്ചറിഞ്ഞത്‌. ഞായറാഴ്‌ച മധ്യപ്രദേശിലെ ദേവാസിലുണ്ടായത്‌ വെറുമൊരു സാമ്പത്തിക തട്ടിപ്പ്‌ മാത്രമല്ലെന്നാണു പോലീസ്‌ വ്യക്തമാക്കുന്നത്. ഇന്‍ഡോര്‍ ആസ്‌ഥാനമായുള്ള അനാഥാലയത്തില്‍നിന്നുള്ള വധുക്കളെ വാഗ്‌ദാനം ചെയ്‌തുള്ള ഒരു തട്ടിപ്പ്‌ സംഘത്തിന്റെ വലയിലാണ്‌ ഈ യുവാക്കളെല്ലാം വീണത്‌. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് നഷ്‌ടമായത്.

ദേവാസിലെയും അയല്‍ ജില്ലകളിലെയും ഗ്രാമങ്ങളില്‍നിന്നുള്ള യുവാക്കളായിരുന്നു വഞ്ചിക്കപ്പെട്ട വരന്മാരെന്ന്‌ ബാങ്ക്‌ നോട്ട്‌ പ്രസ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്‌ പ്രീതി കട്ടാരെ പറഞ്ഞു. ദേവാസില്‍ വലിയൊരു സമൂഹവിവാഹം നടത്തുമെന്നാണു തട്ടിപ്പുകാർ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്‌. പെണ്‍കുട്ടികളുടെ ചിത്രങ്ങൾ മൊബൈല്‍ ഫോണില്‍ കാണിച്ചാണ്‌ അവര്‍ യുവാക്കളെ വലയിലാക്കിയത്‌. ഇതിനായി ഓരോ വരനും കുറഞ്ഞത്‌ 15,000 രൂപയെങ്കിലും രജിസ്ട്രേഷൻ ഫീസായി നല്‍കണമായിരുന്നു. ചിലരില്‍നിന്ന്‌ ഇതിലും ഉയര്‍ന്ന തുകയും സംഘം കൈക്കലാക്കിയിട്ടുണ്ട്‌. വധുക്കള്‍ പാവപ്പെട്ടവരോ അനാഥരോ ആണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ തയാറുള്ളവരെയാണു തങ്ങൾ നോക്കുന്നതെന്നുമാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്.

രജിസ്‌ട്രേഷന്‍ ഫീസായി തന്നോട്‌ 25,000 രൂപയോളം വാങ്ങിയിരുന്നതായി ഹര്‍ണിയകലാന്‍ ഗ്രാമത്തില്‍നിന്നുള്ള രാഹുല്‍ എന്ന യുവാവ് പറഞ്ഞു. വധു ഇന്‍ഡോറിലെ ‘മാതൃ ഛായ ആശ്രമ’ത്തില്‍നിന്നുള്ള കുട്ടിയാണെന്നാണ്‌ തങ്ങളെ അറിയിച്ചിരുന്നത്, പെൺകുട്ടിയുടെ ചിത്രങ്ങളും കാണിച്ചു തന്നിരുന്നു. എന്നാൽ വിവിധ വെബ്‌സൈറ്റുകളില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത മോഡലുകളുടെ ചിത്രങ്ങളാണ് തട്ടിപ്പുകാർ ഇരകളെ പറ്റിക്കാൻ ഉപയോഗിച്ചതെന്ന് പിന്നീട്‌ പോലീസ്‌ അന്വേഷണത്തിൽ കണ്ടെത്തി.

ചടങ്ങിന്‌ ഒരു ദിവസം മുമ്പ്‌ തന്നെ ദേവാസില്‍ എത്തിച്ചേരാനാണ്‌ വരന്മാര്‍ക്കു സംഘാടകർ നിര്‍ദേശം നല്‍കിയിരുന്നത്. അടുത്ത ദിവസം രാവിലെ തന്നെ സമൂഹവിവാഹം ഭംഗിയായി നടക്കുമെന്ന്‌ അവർ ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. ഇത് കൂടാതെ വരന്മാർക്ക് സ്‌ത്രീധനവും സംഘാടകര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ വിവാഹദിവസം നിശ്ചയിച്ച വേദിയില്‍ വരന്മാരും കുടുംബവും എത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. സംഘാടകരുടെ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലുമായിരുന്നു.

സാധാരണ വസ്‌ത്രം ധരിച്ച്‌ കല്യാണത്തിന് വരാനാണ്‌ തങ്ങളോട്‌ സംഘാടകർ നിര്‍ദേശിച്ചിരുന്നതെന്ന്‌ തട്ടിപ്പിനിരയായ അശോക് എന്ന യുവാവ് പറഞ്ഞു. വരന്റെ പ്രത്യേക വസ്‌ത്രവും എല്ലാ വിവാഹ ചടങ്ങുകളും അവിടെത്തന്നെ തങ്ങൾ ഒരുക്കുമെന്നായിരുന്നു അവർ അറിയിച്ചിരുന്നത്.

മാത്രമല്ല, വേദിയില്‍ എത്തുന്നതിന്‌ മുമ്പ്‌ ശരീരത്തിൽ മഞ്ഞളോ മൈലാഞ്ചിയോ ഒന്നും തന്നെ അണിയരുതെന്ന്‌ അവര്‍ പ്രത്യേകം പറഞ്ഞിരുന്നു. വിവാഹദിനം വേദിയിലെത്തിയ വരന്മാരോട്‌ വധുക്കള്‍ വരുന്ന വഴിയിലാണ്, ഉടൻ എത്തും എന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌. എന്നാല്‍ അര്‍ദ്ധരാത്രിയായിട്ടും ആരും പന്തലിലേക്ക് വന്നില്ല. പല വരന്മാരും കല്യാണ യാത്രയ്‌ക്കായി വലിയ തുക കൊടുത്ത് കാറുകള്‍ വാടകയ്‌ക്കെടുത്തിരുന്നു, പല കുടുംബങ്ങളും ബന്ധുക്കളെയും അതിഥികളെയും വിവാഹത്തിന്‌ ക്ഷണിക്കുകയും ചെയ്തു. ഒടുവിൽ എല്ലാവരും നാട്ടുകാരുടെ മുന്നിൽ കടുത്ത അപമാനത്തിലായി.

മേയ്‌ 24നാണ്‌ ഈ നാടകീയമായ സംഭവം പുറത്തറിഞ്ഞതെന്നും വഞ്ചനാക്കുറ്റത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ മുകേഷിനെയും ഭാര്യയെയും പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവരുടെ തട്ടിപ്പ്‌ രീതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്‌. പ്രതികള്‍ വിദിഷ ജില്ലക്കാരായതിനാല്‍ അവിടെ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പോലീസ്‌ സംഘത്തെ അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.