വെല്ലിങ്ടണ്‍: ആദ്യ മത്സരത്തിൽ ടോസ് നേടി ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ച് വിക്കറ്റ്വേട്ടയിലൂടെ ആദ്യമണിക്കൂറുകളില്‍ നേടിയ മേധാവിത്തം കൈവിട്ട് ഇന്ത്യ. ആദ്യദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചുവിക്കറ്റിന് 243 റണ്ണെന്ന നിലയില്‍. അഞ്ചുവിക്കറ്റിന് 70 റണ്ണെന്ന നിലയില്‍ പതറിയ കിവികളെ കരകയറ്റിയത് സെഞ്ചുറി പ്രകടനവുമായി ഹെന്‍ട്രി നിക്കോള്‍സും സെഞ്ചുറിക്കരികളിലുള്ള ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന സഖ്യം. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 221 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെ 113 റണ്ണുമായി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്സു (182 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ 94) മാണ് ക്രീസില്‍. നീണ്ട ഇടവേളയ്ക്കുശേഷം ടെസ്റ്റ് ജഴ്സിയില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. അല്‍ഷുല്‍ കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റും.
ഇന്ത്യയുടെ അന്തിമ ഇലവനില്‍ പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഉള്‍പ്പെടാതിരുന്നത് അമ്പരപ്പിക്കുന്നതായി. അല്‍ഷുല്‍ കാംബോജിനും വാഷിങ്ടണ്‍ സുന്ദറിനും ഇടംനല്കി. ആകാശ് ദീപും പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും കാംബോജും അടങ്ങുന്നതായിരുന്നു പേസ്ബാറ്ററി. സുന്ദര്‍ ഉള്‍പ്പെടെ ഏഴുബാറ്റര്മാരാണു ടീമിലുള്ളത്. എവിടെപ്പോയി മുഹമ്മദ് സിറാജ് എന്നു ചോദിച്ച് കടുത്ത വിമര്‍ശനവുമായി മുന്‍ താരങ്ങളായ രവിശാസ്ത്രിയും സുനില്‍ ഗാവസ്കറും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മാധ്യമങ്ങളോട് സംസാരിച്ചു.
മുഹമ്മദ് സിറാജിനെയും ഗുർനൂർ ബ്രാറിനെയും പുറത്തിരുത്തിയത് നിർഭാഗ്യകരമായ തീരുമാനമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറഞ്ഞു. എന്നാൽ ജസ്പ്രീത് ബുംറ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങുന്ന നാല് പേസർമാർ വെല്ലിങ്ടണിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“രണ്ടാം ഇന്നിങ്സിനെ അപേക്ഷിച്ച് തുടക്കത്തിൽ വിക്കറ്റിൽ നിന്ന് അല്പം കൂടി സഹായം ലഭിക്കുമെന്ന് ഞങ്ങൾ കണ്ടിരുന്നു. അത് മുതലെടുക്കാൻ സാധിച്ചാൽ നന്നായിരിക്കും. അഞ്ചാറ് പരിശീലന സെഷനുകൾ മികച്ച രീതിയിൽ പൂർത്തിയാക്കി, എല്ലാവരും വലിയ ആവേശത്തിലാണ്. ആകാശ് ദീപ്, അൻഷുൽ കാംബോജ്, പ്രസിദ്ധ്, ബുംറ എന്നീ നാല് പേസർമാർക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറും കളിക്കുന്നുണ്ട്,” ഗിൽ പറഞ്ഞു.
“കഴിഞ്ഞ ഒരാഴ്ചയായി ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണമെന്ന ആലോചനയിലായിരുന്നു ഞങ്ങൾ. കാരണം എല്ലാ ഫാസ്റ്റ് ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. സിറാജിനും ഗുർനൂറിനും അവസരം നഷ്ടമായത് വളരെ വിഷമകരമാണ്. ഏകദിന പരമ്പരയിൽ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. ഗുർനൂറായിരുന്നു പരമ്പരയിലെ താരം. അതുകൊണ്ട് തന്നെ ഇതൊരു പ്രയാസകരമായ തീരുമാനമായിരുന്നു. എങ്കിലും തിരഞ്ഞെടുക്കപ്പെട്ട പേസർമാർ ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിലെ നിർണായക നിമിഷങ്ങളിൽ ആധിപത്യം നേടുക എന്നതാണ് പ്രധാനം. കളിയിൽ ഒന്നും സംഭവിക്കുന്നില്ലെന്ന് തോന്നുമ്പോഴായിരിക്കും പെട്ടെന്ന് രണ്ടോ മൂന്നോ വിക്കറ്റുകൾ വീഴുന്നതും ടീം പിന്നിലാകുന്നതും. അത്തരം നിർണായക ഘട്ടങ്ങളെ അതിജീവിക്കുക എന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്,” ഗിൽ കൂട്ടിച്ചേർത്തു.
വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ വ്യാഴാഴ്ച ആരംഭിച്ച മത്സരത്തിൽ ചരിത്രം കുറിക്കാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ നിലനിർത്താനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇരു ടീമുകളും നാല് പേസർമാരെ വീതമാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറിനെയും സീനിയർ പേസർ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിത തീരുമാനമായി. ഏകദേശം 18 വർഷം മുൻപ് ഹാമിൽട്ടണിൽ 10 വിക്കറ്റിന് ജയിച്ചതാണ് ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യയുടെ അവസാന ടെസ്റ്റ് വിജയം. കഴിഞ്ഞ 50 വർഷത്തിനിടെ ന്യൂസീലൻഡിൽ ഇന്ത്യ നേടിയ ഏക ടെസ്റ്റ് ജയവും ഇതാണ്.
ഈ പര്യടനത്തിൽ നേരത്തെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 3-2നും ഏകദിന പരമ്പര 3-1നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പര്യടനത്തിന് സമാപനം കുറിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി കുൽദീപ് യാദവിനെ വിട്ടുകൊടുത്തതും, പകരക്കാരനായി ഗുർനൂർ ബ്രാറിനെ ടീമിൽ ഉൾപ്പെടുത്തിയതും, ഋഷഭ് പന്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകളും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. മറുവശത്ത് പരിക്കുകളുടെ പിടിയിലായ ആതിഥേയരായ ന്യൂസീലൻഡിന് കൈയ്ക്ക് പൊട്ടലേറ്റ മുൻനിര ഓൾറൗണ്ടർ മിച്ചൽ സാന്റ്നറെയും അടുത്തിടെ നഷ്ടമായിരുന്നു.
പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസീലൻഡ് എ ടീമിനെതിരെ നടന്ന മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ന്യൂസീലൻഡിലെ പിച്ചുകളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള ഈ പരിചയസമ്പത്ത് ടെസ്റ്റ് പരമ്പരയിൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
അതേസമയം, ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ആദ്യം ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാഥം പറഞ്ഞു. “നല്ല തെളിഞ്ഞ ദിവസമായതിനാൽ ബേസിൻ റിസർവിലെ പിച്ചിന് മുൻവർഷങ്ങളിലേതുപോലെ അത്ര കട്ടിയില്ലെന്ന് തോന്നുന്നു. എങ്കിലും ആദ്യ സെഷനിൽ മികച്ച രീതിയിൽ പന്തെറിയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവസാന രണ്ട് ഏകദിനങ്ങളിൽ നിന്ന് വിട്ടുനിന്ന താരങ്ങൾ ടെസ്റ്റിനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയത്. ബേസിൻ റിസർവിൽ കളിക്കാൻ ഞങ്ങൾക്ക് എപ്പോഴും ഇഷ്ടമാണ്. സ്വന്തം നാട്ടിലെ സീസണിലെ ആദ്യ ടെസ്റ്റ് എപ്പോഴും ആവേശകരമാണ്. നാല് പേസർമാരെയാണ് ഞങ്ങൾ ഇറക്കുന്നത്. ജേക്കബ് ഡഫിയാണ് അധിക പേസറായി ടീമിലെത്തിയത്. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ഡഫിക്ക് ഇതൊരു മികച്ച അവസരമാണ്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം അവൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” ലാഥം വ്യക്തമാക്കി.
പ്ലേയിങ് ഇലവൻ:
ന്യൂസീലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.
ഇന്ത്യ: കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.




