മൂവാറ്റുപുഴ: അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവായി നടിച്ച് ഒപ്പം കൂട്ടി വര്‍ഷങ്ങളോളം പീഡിപ്പിച്ച അമ്പതുകാരന് 116 വര്‍ഷം കഠിനതടവും 6,85,000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടില്‍ മണിയപ്പനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി സ്പെഷ്യല്‍ ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.
2018 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായത്. അമ്മ ഉപേക്ഷിച്ച കുട്ടിക്ക് രോഗിയായ അച്ഛന് മാത്രമായിരുന്നു ഏക ആശ്രയം. യാത്ര ചെയ്യാന്‍ പോലും കഴിയാത്ത പിതാവിന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത്, അകന്ന ബന്ധുവായ പ്രതി കുട്ടിയുടെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. രക്ഷിതാവിന്റെ വേഷമണിഞ്ഞെത്തിയതിനാല് മറ്റാര്‍ക്കും ഇയാളെ സംശയം തോന്നിയിരുന്നില്ല.
പിതാവിന്റെ അസുഖം ഗുരുതരമായതോടെ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി.) കുട്ടിയെ ഏറ്റെടുത്ത് അവരുടെ എന്‍ട്രി ഹോമിലേക്ക് മാറ്റി. എന്നാല്‍ പ്രതി അവിടെയും കുട്ടിയെ തേടിയെത്തി. ഇയാള്‍ രണ്ടാം തവണയും കാണാന്‍ ശ്രമിച്ചതോടെയാണ്, വര്‍ഷങ്ങളായി താന്‍ അനുഭവിച്ച ക്രൂരപീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി അവിടത്തെ കൗണ്‍സിലറോട് തുറന്നുപറഞ്ഞത്.




