മുംബൈ: മഹാരാഷ്ട്രയിലെ ഗോൻഡിയയിൽ എയർലൈൻ ജീവനക്കാരി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. മുപ്പത്തിയഞ്ചുകാരിയായ വർഷ തുർക്കറാണ് കൊല്ലപ്പെട്ടത്. നവംബർ 14-ന് സ്വന്തം ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് വർഷയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിനൊപ്പം യാത്ര പോയപ്പോഴാണ് ഇവർ കുത്തേറ്റ് മരിച്ചത്. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുകയാണ്.
അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്. തന്റെ ഭർത്താവായ നിതേഷ് അഗർവാളും വർഷയും തമ്മിലുള്ള ബന്ധത്തിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. നിതേഷിന്റെ ഭാര്യ മോന അഗർവാൾ (41) ക്വട്ടേഷൻ സംഘത്തിന് പണം നൽകിയാണ് വർഷയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മോന ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുണെയിലെ ധനോരി സ്വദേശിയായ വർഷ തുർക്കർ ദീപാവലി അവധി ആഘോഷിക്കാനായാണ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിൻഹി ഗ്രാമത്തിലെ വീട്ടിലെത്തിയത്. നവംബർ 14-ന് സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം ഇവർ ഗോന്ദിയയിലെ തിരോഡയിലേക്ക് യാത്ര തിരിച്ചു.
മടക്കയാത്രയ്ക്കിടെ ബോന്ദ്രാണി ഗ്രാമത്തിലെ വനമേഖലയിലുള്ള ഒരു ശിവക്ഷേത്രത്തിന് സമീപം ഇവർ വാഹനം നിർത്തി. ഈ സമയം ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ കത്തികൊണ്ട് വയറ്റിലും മുതുകിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിതേഷ് നൽകിയ മൊഴി. വൈകുന്നേരം 5.30-നും ആറിനും ഇടയിലായിരുന്നു സംഭവം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. തിരോഡ, ഖൈർലാഞ്ചി, വാരസെയോണി, ബാലാഘട്ട്, ഗോൻഡിയ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെ ഇരുനൂറോളം സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു. യാത്രയിലുടനീളം നിതേഷ് ഓടിച്ചിരുന്ന കാറിനെ മൂന്ന് പേർ ബൈക്കിൽ പിന്തുടരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നവംബർ 19-ന് അക്രമിസംഘത്തിലെ ഇമ്രാൻ കരീം ഷെയ്ഖ് (26) എന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ ബന്ധത്തിൽ പ്രകോപിതയായ മോന അഗർവാൾ, അയൽവാസിയായ കുനാൽ കുംഭൽക്കറിന്റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
മോനയുടെ നിർദ്ദേശപ്രകാരം കുനാൽ തന്റെ പരിചയക്കാരനും സ്ഥിരം കുറ്റവാളിയുമായ ഷാരൂഖ് പത്താനെ സമീപിച്ചു. 13 ലക്ഷം രൂപയ്ക്കാണ് കൊലപാതകത്തിനുള്ള ക്വട്ടേഷൻ ഉറപ്പിച്ചത്. തുടർന്ന് ഷാരൂഖ് പത്താൻ തന്റെ കൂട്ടാളികളായ ഇമ്രാൻ ഷെയ്ഖ്, നെയ്ലൻ ഷെയ്ഖ് (24), ക്രിഷ് റാവത്ത് (19) എന്നിവരെ കൃത്യം നടത്താനായി ഏൽപ്പിച്ചു.
ഭാര്യ മോനയുടെ പേരിലുള്ള കാറിലായിരുന്നു നിതേഷ് അഗർവാൾ വർഷയെ കാണാനായി ബാലാഘട്ടിലേക്ക് പോയത്. ഈ കാറിൽ ജിപിഎസ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചിരുന്നു. ഇതിലൂടെ കാറിന്റെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കിയാണ് അക്രമികൾ പിന്തുടർന്നത്. തുടർന്ന് ആളൊഴിഞ്ഞ ശിവക്ഷേത്രത്തിന് സമീപമുള്ള വനത്തിൽ വെച്ച് ഇവർ വർഷയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിടിയിലായ നാല് പ്രതികളെയും തുടർനടപടികൾക്കായി ദവാനിവഡ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നതും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.




