ഇസ്ലാമാബാദ്: മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്‌മാന്‍ ഖവാജയ്‌ക്ക് പിന്നാലെ പന്തുചുരണ്ടല്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ പാകിസ്‌താന്‍ പേസ് ബൗളര്‍ ഷൊയ്‌ബ് അക്‌തര്‍ രംഗത്ത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മാത്രമല്ല, താന്‍ കളിച്ചിരുന്ന കാലത്ത് പാക് ടീമംഗങ്ങളും പന്തുചുരണ്ടല്‍ പരീക്ഷിച്ചിരുന്നുവെന്ന് അക്‌തര്‍ സമ്മതിച്ചു. ഓസ്‌ട്രേലിയക്കാര്‍ സാന്‍ഡ്‌പേപ്പറാണ് ഉപയോഗിച്ചതെങ്കില്‍ തങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ കുപ്പിയുടെ അടപ്പാണ് ഉപയോഗിച്ചതെന്നും ‘റാവല്‍പിണ്ടി എക്‌സ്പ്രസ്’ വെളിപ്പെടുത്തി.
പന്തുചുരണ്ടല്‍ വിവാദം ഇത്രയധികം വലിച്ചുനീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അക്‌തറിന്റെ പ്രതികരണം. പന്തുചുരണ്ടല്‍ ക്രിക്കറ്റിന് ദോഷകരമാണ് എന്നതില്‍ സംശയമില്ല. എങ്കിലും അത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മാത്രമല്ല ചെയ്‌തിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ ഞങ്ങളും ആ രീതി പിന്തുടര്‍ന്നിട്ടുണ്ട്. സാന്‍ഡ്‌പേപ്പറിന് പകരം കുപ്പിയുടെ അടപ്പുകളാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും അക്‌തര്‍ വ്യക്തമാക്കി.
പന്തില്‍ പലതരം കൃത്രിമങ്ങള്‍ ഞങ്ങള്‍ കാണിച്ചിരുന്നുവെന്നും ടീമിലെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും അക്‌തര്‍ കൂട്ടിച്ചേര്‍ത്തു. കാരണം, പന്ത് റിവേഴ്‌സ് സ്വിങ് ചെയ്‌തില്ലെങ്കില്‍ ഞങ്ങള്‍ക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയുമായിരുന്നില്ല. സത്യം തുറന്നുപറഞ്ഞതോടെ ആ വിഷയം അവസാനിച്ചുവെന്നും ഇനി അതിനെച്ചൊല്ലി വലിയ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്നും അക്‌തര്‍ ഖവാജയെ ഉപദേശിച്ചു. സഹതാരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പന്തുചുരണ്ടല്‍ സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു എന്ന ഖവാജയുടെ വാദത്തോട് അക്‌തര്‍ യോജിച്ചു. മുഴുവന്‍ ടീമിന്റെയും അറിവില്ലാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ല. രണ്ടോ മൂന്നോ പേര്‍ മാത്രം വിചാരിച്ചാല്‍ ഇത് നടപ്പിലാക്കാനാവില്ല, മറിച്ച് അതൊരു കൂട്ടായ തീരുമാനമായിരിക്കണമെന്നും അക്‌തര്‍ ചൂണ്ടിക്കാട്ടി. 2018-ല്‍ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തിനിടെയുണ്ടായ പന്തുചുരണ്ടല്‍ വിവാദം ഉസ്‌മാന്‍ ഖവാജയുടെ ആത്മകഥയിലെ പരാമര്‍ശങ്ങളിലൂടെയാണ് വീണ്ടും ചര്‍ച്ചയായത്.




