Health

വീട്ടമ്മമാർ അറിയാൻ: അടുക്കളയിലെ പുക നിസ്സാരമല്ല; ശ്വാസകോശത്തെ തകർക്കും! രക്ഷപ്പെടാൻ ചെയ്യേണ്ടത്

നമ്മളിൽ പലർക്കും താളിക്കുന്നതിന്റെയും വറുക്കുന്നതിന്റെയും റോസ്റ്റ് ചെയ്യുന്നതിന്റെയുമെല്ലാം മണം നിത്യജീവിതത്തിന്റെ സാധാരണ ഭാഗമാണ്. എന്നാൽ അടുക്കളയിൽ പുകയും വായുസഞ്ചാരക്കുറവും പതിവാകുമ്പോൾ, പാചകം ചെയ്യുന്നതിനിടെ നമ്മൾ ശ്വസിക്കുന്ന വായു എപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ലെന്ന് ഡൽഹി അപ്പോളോ അഥീന വിമൻസ് ക്യാൻസർ സെന്ററിലെ മെഡിക്കൽ ആൻഡ് പ്രിസിഷൻ ഓങ്കോളജി പ്രിൻസിപ്പൽ ലീഡ് ഡോ. (പ്രൊഫ.) ജ്യോതി വാധ്വ എച്ച്.ടി ലൈഫ്സ്റ്റൈലിനോട് പറഞ്ഞു.

ഭക്ഷണമോ എണ്ണയോ വളരെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോൾ പുകയും വാതകങ്ങളും അതിസൂക്ഷ്മ കണികകളും വായുവിൽ കലരാൻ സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി. വായുസഞ്ചാരം കുറഞ്ഞ അടുക്കളകളിൽ വിറകോ കരിയോ കത്തിച്ച് പാചകം ചെയ്യുമ്പോൾ ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുന്നു. ദീർഘകാലം ഇത്തരം ഗാർഹിക വായു മലിനീകരണം ഏൽക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ശ്വാസകോശ അർബുദത്തിനുള്ള (Lung cancer) സാധ്യത വർദ്ധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

വല്ലപ്പോഴുമുണ്ടാകുന്ന പാചക പുക ശ്വസിക്കുന്നത് കൊണ്ട് ഒരാൾക്ക് ശ്വാസകോശ അർബുദം വരുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് ഡോക്ടർ പറയുന്നു. മറിച്ച്, മതിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളിൽ വർഷങ്ങളോളം തുടർച്ചയായി പുകയും പാചക നീരാവിയും ശ്വസിക്കുന്നതാണ് കൂടുതൽ അപകടകരമാകുന്നത്. വളരെ ഉയർന്ന താപനിലയിൽ ഭക്ഷണം വറുക്കുമ്പോഴും പാൻ-ഫ്രൈ ചെയ്യുമ്പോഴും സ്റ്റിർ-ഫ്രൈ ചെയ്യുമ്പോഴും പുകയുണ്ടാകാം. എണ്ണ വീണ്ടും വീണ്ടും അമിതമായി ചൂടാക്കുകയോ ഭക്ഷണം കരിഞ്ഞ് പുക ഉയരുകയോ ചെയ്യുമ്പോൾ ഈ അപകടസാധ്യത കൂടുതലായിരിക്കും. ചെറിയ അടുക്കളകൾ പതിവായി ഉപയോഗിക്കുക, കൽക്കരി, വിറക്, കരി, ബയോമാസ് അല്ലെങ്കിൽ മറ്റ് മലിനീകരണ ഇന്ധനങ്ങൾ എന്നിവ ഉപയോഗിക്കുക, വർഷങ്ങളോളം ദിവസവും മണിക്കൂറുകളോളം പുകയ്ക്കും പാചക നീരാവിക്കും സമീപം കഴിയുക തുടങ്ങിയ സാഹചര്യങ്ങളിൽ അപകടസാധ്യത ഇനിയും വർദ്ധിക്കും.

പുകയിലടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ കണികകൾ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ശേഷിയുള്ളവയാണെന്ന് ഡോ. വാധ്വ ചൂണ്ടിക്കാട്ടി. വായുസഞ്ചാരം കുറവുള്ളപ്പോൾ ഈ കണികകൾ അടുക്കളയിലും മറ്റ് മുറികളിലും കൂടുതൽ നേരം തങ്ങിനിൽക്കും. അതിനാൽ പാചകത്തിന്റെ മണം മാറ്റാൻ മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നല്ല വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി ചില ലളിതമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോഴും വറുക്കുമ്പോഴും ചിമ്മിനിയോ എക്സ്ഹോസ്റ്റ് ഫാനോ പ്രവർത്തിപ്പിക്കുക, ആവശ്യാനുസരണം ജനലുകളും വാതിലുകളും തുറന്നിട്ട് ശുദ്ധവായു കടക്കാൻ അനുവദിക്കുക, പുക ഉയരുന്നത് വരെ എണ്ണ അമിതമായി ചൂടാക്കാതിരിക്കുക, സാധ്യമാകുന്നിടത്തോളം ശുദ്ധമായ പാചക ഇന്ധനങ്ങൾ ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അടുക്കളയിലെ പുക ശ്വാസകോശ അർബുദത്തിന്റെ ഏക കാരണമായി കാണേണ്ടതില്ല. പുകവലി, മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നത് (Second-hand smoke), വായു മലിനീകരണം, ജോലിസ്ഥലത്തെ ചില സാഹചര്യങ്ങൾ, കുടുംബപരവും ജനിതകവുമായ കാരണങ്ങൾ തുടങ്ങി ശ്വാസകോശ അർബുദത്തിന് നിരവധി കാരണങ്ങളുണ്ട്. ഇക്കാര്യത്തിൽ ഭയമല്ല, മറിച്ച് കൃത്യമായ അവബോധമാണ് ഉണ്ടാകേണ്ടതെന്ന് ഡോ. വാധ്വ വ്യക്തമാക്കി. എങ്കിലും, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കുറച്ചുകാലമായി തുടരുന്നുണ്ടെങ്കിൽ അവ ഒരിക്കലും അവഗണിക്കരുത്. ചുമ മാറാതെ നിൽക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, നെഞ്ചുവേദന ഉണ്ടാവുക, അല്ലെങ്കിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രത്യേകിച്ച് ശ്വാസകോശ അർബുദത്തിനുള്ള മറ്റ് അപകടസാധ്യതകൾ ഉള്ളവർ ഇത്തരം ലക്ഷണങ്ങളെ ഗൗരവമായി കാണണമെന്നും അവർ കൂട്ടിച്ചേർത്തു.