Movie News

4 മാസത്തെ അധ്വാനം, 24 കാരറ്റ് ഗോൾഡ്! ഒരു കോടിയുടെ രാവണന്റെ കൂറ്റൻ സിംഹാസനം ! രാമായണം സിനിമയിലെ വിസ്മയ കാഴ്ച

രാമായണം സിനിമ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതികരണങ്ങളും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ബിടിഎസ് വീഡിയോകളും ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്. നമിത് മൽഹോത്രയുടെ 4,000 കോടി രൂപ ചെലവിൽ രണ്ടു ഭാഗങ്ങളായി നിർമ്മിക്കുന്ന ഈ ചിത്രം ആഴ്ചകളായി വലിയ ചർച്ചാവിഷയമായിരുന്നു.

പ്രഭാത് ഖബറിന് നൽകിയ അഭിമുഖത്തിൽ, നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി നൂറുകണക്കിന് സെറ്റുകൾ എങ്ങനെയാണ് നിർമ്മിച്ചതെന്ന് ആർട്ട് ഡയറക്ടർ രമേഷ് വെളിപ്പെടുത്തി. 2024 ഫെബ്രുവരിയിലാണ് താൻ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ടീമിനൊപ്പം ചേർന്നതെന്നും, എന്നാൽ 2024 ഏപ്രിലിൽ മുംബൈയിലെ ഫിലിം സിറ്റിയിലുള്ള പ്രൈം ഫോക്കസ് സ്റ്റുഡിയോയിലാണ് സെറ്റുകളുടെ നിർമ്മാണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനായി 150-ലധികം സെറ്റുകളാണ് തയ്യാറാക്കിയത്. മൂന്ന് മാസത്തെ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് നിർമ്മാണം തുടങ്ങിയത്. ഒരു സെറ്റും ആദ്യ ശ്രമത്തിൽ തന്നെ ഉറപ്പിക്കാറില്ലെന്നും, സ്‌ക്രീനിൽ കാണുന്ന രീതിയിലേക്ക് എത്താൻ 10 മുതൽ 15 വരെ വ്യത്യസ്ത രൂപങ്ങൾ മാറ്റി പരീക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ ഏറ്റവും ആകർഷകമായ രംഗങ്ങളിലൊന്ന് രാവണൻ സിംഹാസനത്തിൽ ഇരിക്കുന്നതാണ്. രാവണന്റെ ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തത്. ഇത് വിഎഫ്എക്സ് ഉപയോഗിച്ച് ഉണ്ടാക്കിയതല്ല, മറിച്ച് ആദ്യം മണ്ണുകൊണ്ട് മാതൃകയുണ്ടാക്കി പിന്നീട് ഫൈബർ ഉപയോഗിച്ച് രൂപപ്പെടുത്തിയെടുത്തതാണ്. 24 കാരറ്റ് തങ്കം പൂശിയാണ് സിംഹാസനത്തിന്റെ സ്വർണ്ണ തിളക്കം നൽകിയത്. നാല് മാസം സമയമെടുത്താണ് ഇത് നിർമ്മിച്ചതെന്നും ഏകദേശം 1 കോടി രൂപ ചെലവ് വന്നെന്നും ആർട്ട് ഡയറക്ടർ പറഞ്ഞു.

രാവണന്റെ ആഭരണങ്ങളുടെ കാര്യത്തിലും വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്. സുവർണ്ണ ലങ്കയുടെ ഐശ്വര്യം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തതെന്ന് ഹൗസ് ഓഫ് ആമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് തരംഗ് അറോറ പറഞ്ഞു. രാവണന്റെ നെഞ്ചിൽ ധരിക്കുന്ന കവചമാണ് (chest plate) നിർമ്മിക്കാൻ ഏറ്റവും പ്രയാസമേറിയത്. പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ച ഈ കവചം നടന് മണിക്കൂറുകളോളം സുഖകരമായി ധരിക്കാൻ പാകത്തിൽ മൃദുവായ ലൈനിംഗുകൾ നൽകിയാണ് തയ്യാറാക്കിയത്. ഭഗവാൻ ശിവന്റെ തീവ്ര ഭക്തനായ രാവണനെ കാണിക്കാൻ ആഭരണങ്ങളിൽ പാമ്പിന്റെ രൂപങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുണ്ട നീല, കറുപ്പ്, പച്ച നിറങ്ങളും ലോഹ തിളക്കമുള്ള നിറങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്. രാവണനായി 13 വ്യത്യസ്ത ആഭരണ രൂപങ്ങളാണ് തയ്യാറാക്കിയത്. മൊത്തത്തിൽ 104 മുതൽ 130 വരെ ആഭരണങ്ങൾ നിർമ്മിച്ചു. ഓരോ ലുക്കിലെയും ആഭരണങ്ങൾക്ക് ഏകദേശം 6 മുതൽ 7 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.