Crime Featured

യുവതിയുടെ സ്വർണാഭരണങ്ങൾ ഇന്‍സ്റ്റയില്‍; അയൽക്കാരിയും കാമുകനും ചേർന്ന് അടിച്ചുമാറ്റി! മോഷണം കാമുകനൊപ്പം ഒളിച്ചോടാൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ആഭരണങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കണ്ട്, വീട്ടിൽ ആളില്ലാത്ത സമയം നോക്കി അയൽക്കാരിയായ യുവതി കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു. സംഭവത്തിന്റെ സൂത്രധാരിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സീമ ദേവി എന്ന സ്ത്രീയുടെ ആഭരണങ്ങളാണ് നഷ്ടമായത്. അവർ ആഭരണങ്ങൾ അണിഞ്ഞുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ച ശേഷം അവരുമായി സൗഹൃദം സ്ഥാപിച്ച പൂജ യാദവ് (32) ആണ് ആഭരണങ്ങൾ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. പൂജ യാദവ് സീമ ദേവിയുമായി അടുക്കുകയും അവരുടെ സമൂഹമാധ്യമ പോസ്റ്റുകൾ നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് കാമുകനെയും രണ്ട് കൂട്ടാളികളെയും കൂട്ടി സീമയുടെ വീട്ടിൽ കയറി 2.32 ലക്ഷം രൂപ വിലവരുന്ന സ്വർണവും വെള്ളിയും കവർന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ച് ആറിന് വീട്ടുകാർ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. പ്രധാന പ്രതിയായ പൂജ പിൻവാതിലിന്റെ പൂട്ട് പൊളിച്ച് അലമാരയിലുണ്ടായിരുന്ന ആഭരണങ്ങൾ അപഹരിച്ചതായി പൊലീസ് പറഞ്ഞു. പൂജയും കാമുകൻ ഗൗതം യാദവ് (35), ആസിഫ് മൻസൂരി (31), റാം വർമ്മ (27) എന്നിവരെയും ബുധനാഴ്ച പൊലീസ് പിടികൂടി.

പൂജ സീമയുടെ അയൽവാസിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സീമയുടെ ബന്ധുവായ ഗൗതം യാദവിനെ നാല് വർഷം മുൻപ് ഒരു കല്യാണച്ചടങ്ങിൽ വെച്ചാണ് പൂജ പരിചയപ്പെട്ടത്. ഇരുവർക്കും ഒളിച്ചോടി കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു, എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ തടസ്സമായി. സീമയുടെ ആഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൂജ ഗൗതമിനോട് പറഞ്ഞു. തുടർന്ന് മോഷണത്തിന് പദ്ധതി തയാറാക്കിയതായി എസ്.എസ്.പി. ശ്രീവാസ്തവ അറിയിച്ചു. 36 ഗ്രാം സ്വർണാഭരണങ്ങളും 541 ഗ്രാം വെള്ളിയാഭരണങ്ങളും 2.32 ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.