മൂന്നാർ: ചിന്നക്കനാൽ മേഖലയെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കാനുള്ള ദൗത്യം മൂന്നാം ദിവസവും വിജയിച്ചില്ല. ഒടുവിൽ പിന്മാറി ദൗത്യസംഘം മടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം നിർത്തിവെച്ചതായും അറിയിപ്പ് വന്നു. മൂന്ന് ദിവസം നീണ്ട ബഹളങ്ങൾക്കൊടുവിൽ ചക്കക്കൊമ്പൻ പിടിതരാതെ കാടുകയറി.
ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങളാണ് മൂന്നാം ദിവസവും ലക്ഷ്യം കാണാതെ അവസാനിപ്പിച്ചത്. ആനയിറങ്കൽ ജലാശയവും ചതുപ്പുകളും കാടും മറയാക്കുന്ന കൊമ്പന്റെ മിടുക്കും പെട്ടെന്ന് മാറുന്ന മോശം കാലാവസ്ഥയുമാണ് വനംവകുപ്പിനെയും ആർ.ആർ.ടി. ദൗത്യസംഘത്തെയും കുഴക്കിയത്.
മോശം കാലാവസ്ഥയും ഭൂപ്രകൃതിയും വനംവകുപ്പിന്റെ നീക്കങ്ങൾക്ക് തടസ്സമായപ്പോൾ, മൂന്നാം ദിവസവും കാടിന്റെയും പ്രകൃതിയുടെയും മറവിൽ കൊമ്പൻ പിടിതരാതെ ഉൾക്കാട്ടിലേക്ക് മാറി. ജലാശയങ്ങളും ചതുപ്പുനിലങ്ങളും ഏലത്തോട്ടങ്ങളും പെട്ടെന്നുണ്ടാകുന്ന മൂടൽമഞ്ഞും ഉപയോഗിക്കുന്ന ചക്കക്കൊമ്പന്റെ സാമർത്ഥ്യത്തിന് മുന്നിൽ മൂന്നാം നാളിലും വനംവകുപ്പും ആർ.ആർ.ടി. സംഘവും വെല്ലുവിളി നേരിട്ടു. നിരോധനാജ്ഞയ്ക്കും ദൗത്യം നീണ്ടുപോകുന്നതിനുമെതിരായ പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പ് ശക്തമായതും ദൗത്യം താൽക്കാലികമായി നിർത്താൻ കാരണമായി.
ദൗത്യത്തിന്റെ മൂന്നാം ദിവസം രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടത്. ഇവിടെ നിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന പോകാതിരിക്കാനുള്ള നടപടികളാണ് സംഘം ആദ്യം എടുത്തത്. ഇതിനായി ബോട്ടിൽ സംഘത്തെ സജ്ജമാക്കി. എല്ലാ ഒരുക്കങ്ങളുമായാണ് സംഘം നിലയുറപ്പിച്ചത്. പന്നിയാർ ഭാഗത്തേക്കോ ആദ്യ ദിവസം പോയ 301 കോളനി ഭാഗത്തേക്കോ ആന നീങ്ങാൻ സാധ്യതയുണ്ടെന്നാണ് സംഘം കരുതിയത്.
വെടിവെക്കാൻ പറ്റിയ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമം സംഘം തുടർന്നു. ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിലുണ്ടായിരുന്ന സംഘത്തിന് ആർ.ആർ.ടി. നിരീക്ഷണ സംഘം നിർദേശങ്ങൾ നൽകി. ഇതിനിടെ എൺപതേക്കറിൽനിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസ്സായ സ്ഥലത്തേക്ക് ആന നീങ്ങി. തുടർന്ന് ആന ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. കരയിലേക്ക് കയറിയാൽ മയക്കുവെടി വെക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ ജലാശയത്തിൽ നിന്ന് ഇടിക്കുഴി ഭാഗത്തേക്ക് നീങ്ങിയ ആന പിന്നാലെ തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെനിന്ന് മറയൂർ കുടി ഭാഗത്തേക്കും പിന്നാലെ കൊക്കുപാറ ഭാഗത്തേക്കുമാണ് ആന പോയത്.
ചിന്നക്കനാലിലെ ഓമനക്കുഴി ഭാഗത്തുവെച്ചാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചക്കക്കൊമ്പന് മയക്കുവെടിയേറ്റത്. ആനയ്ക്ക് രണ്ടുതവണ വെടിയേറ്റതായും വിവരമുണ്ട്. തലേദിവസം മയക്കുവെടി വെച്ച 301 അങ്കണവാടിക്ക് സമീപം തന്നെയായിരുന്നു ഇത്. തുടർന്ന് സംഘം ആനയെ നിരീക്ഷിച്ചു. മയങ്ങിയാൽ അടുത്ത ഡോസ് നൽകാനും റേഡിയോ കോളർ ഘടിപ്പിക്കാനും സംഘം തയ്യാറായി നിന്നു.
എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ചക്കക്കൊമ്പൻ പിടിച്ചുനിന്നു. മയങ്ങിവീഴാതെ മുന്നോട്ട് നീങ്ങിയ കൊമ്പൻ ഈട്ടിക്കമല ഭാഗത്തേക്ക് പോയി. അടുത്തുള്ള ജലാശയത്തിലേക്ക് പോകാതിരിക്കാൻ വനംവകുപ്പ് പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അൽപ്പനേരം നിന്നിട്ട് യൂക്കാലിപ്റ്റസ് കാട്ടിൽ നിന്ന് ആനയിറങ്കൽ അണക്കെട്ടിലേക്ക് ആന ഇറങ്ങിയതോടെ സംഘം ശരിക്കും ഞെട്ടി. മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങുന്നത് എത്രത്തോളം അപകടമാണെന്ന് സംഘത്തിന് നന്നായി അറിയാമായിരുന്നു.
വെള്ളത്തിലിറങ്ങിയ ആന മറുകരയിലേക്ക് നീന്താൻ തുടങ്ങിയതോടെ സംഘത്തിന്റെ കണക്കുകൂട്ടലുകൾ പാളി. ബോട്ടിൽ പിന്നാലെ പോയി നിരീക്ഷിക്കുകയും പടക്കം പൊട്ടിച്ച് തിരികെ കയറ്റാൻ ശ്രമിക്കുകയുമാണ് സംഘം ചെയ്തത്. ഒടുവിൽ ആ ശ്രമം ഫലം കണ്ടു. ആന കരയ്ക്ക് കയറിയതോടെയാണ് സംഘത്തിന് ആശ്വാസമായത്. വെള്ളത്തിൽ വെച്ച് മയങ്ങിയിരുന്നെങ്കിൽ ആനയുടെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു. വെള്ളത്തിന് നടുവിൽ നിന്ന് കൊമ്പൻ തുമ്പിക്കൈ ഉയർത്തി ശ്വാസമെടുക്കുന്നുണ്ടായിരുന്നു.
ആനയിറങ്കൽ ഡാമിന്റെ മറുകരയിൽ മൂന്നാർ-ബോഡിമെട്ട് റോഡിലെ പെരിയകനാൽ ജനവാസമേഖലയിലാണ് ആന കരകയറിയത്. സമീപത്താണ് ഗ്യാപ്പ് റോഡ്. ധാരാളം വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാനും കാഴ്ച കാണാനും എത്തുന്ന സ്ഥലമാണിത്. വെടിയേറ്റ വേദനയിൽ ചക്കക്കൊമ്പൻ അക്രമാസക്തനാകുമോ എന്ന ആശങ്ക സംഘത്തിനുണ്ടായി.
പിന്നാലെ അപ്രതീക്ഷിത നീക്കമാണ് ആനയുടെ ഭാഗത്തുനിന്നുണ്ടായത്. അതുവരെ സാധാരണ പോലെ നടന്ന ആന പെട്ടെന്ന് കൊടുങ്കാട്ടിലേക്ക് ഓടിക്കയറി. 30 അംഗ ദൗത്യസംഘവും പിന്നാലെ കൂടി. ഇത് കണ്ട ചക്കക്കൊമ്പൻ സംഘത്തിന് നേരെ തിരിഞ്ഞു. ഇതോടെ സംഘം ജീവൻ രക്ഷിക്കാൻ ചിതറിയോടി. തുടർന്ന് ആനയിറങ്കൽ ഡാമിന്റെ ജലാശയത്തോട് ചേർന്ന് ആന നിലയുറപ്പിച്ചു.
ചിതറിയോടിയെങ്കിലും ദൗത്യം ഉപേക്ഷിക്കാൻ സംഘം തയ്യാറായില്ല. കുങ്കിയാനകളായ ഭരതിനെയും വിക്രത്തിനെയും അപ്പോഴേക്കും പുഴയുടെ മറുകരയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മയക്കുവെടി ആനയെ തളർത്തിത്തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ സംഘം അൽപ്പം മാറി ആനയെ നിരീക്ഷിച്ചു. ഭരതിനെയും വിക്രത്തിനെയും ചക്കക്കൊമ്പന്റെ പിന്നിലായി നിർത്തി. കുങ്കിയാനകളെ കണ്ടപ്പോൾ ചക്കക്കൊമ്പൻ പ്രകോപനത്തിന് മുതിർന്നതോടെ ഉടൻ തന്നെ രണ്ടിനെയും മാറ്റി. പിന്നീട് സംഘത്തിലെ രണ്ടുപേർ കാണാവുന്ന അകലത്തിൽ നിന്ന് ആനയെ നിരീക്ഷിച്ചു.
മയക്കുവെടിയേറ്റ ആന ജലാശയത്തിന് സമീപം നിൽക്കുന്നതിലെ അപകടം മനസ്സിലാക്കിയ സംഘം ആന്റിഡോട്ട് നൽകി, പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു. ഇതോടെയാണ് മൂന്നാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്. പരാജയപ്പെട്ടെങ്കിലും കൊമ്പന് മുന്നിൽ കീഴടങ്ങാൻ വനംവകുപ്പ് തയ്യാറല്ല. ഇനിയൊരു അറിയിപ്പുണ്ടായാൽ ദൗത്യം വീണ്ടും തുടങ്ങുമെന്ന സൂചന നൽകിയാണ് മൂന്ന് ദിവസത്തെ ശ്രമം അവസാനിച്ചത്.
അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ദൗത്യം നേരിട്ട് കണ്ടയാളാണ് അവന്റെ കൂട്ടുകാരനെന്ന് പലരും പറയുന്ന ചക്കക്കൊമ്പൻ. അരിക്കൊമ്പന് വെടിയേൽക്കുമ്പോൾ ചക്കക്കൊമ്പനും അടുത്തുണ്ടായിരുന്നു. അത് കണ്ടതിന്റെ പാഠമാകാം പിടിതരാതിരിക്കാൻ ആന ശ്രമിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അരിക്കൊമ്പനേക്കാൾ ബുദ്ധിയുള്ള ആനയാണ് ചക്കക്കൊമ്പൻ. അതാണ് ഇന്നത്തെ നാടകീയ സംഭവങ്ങൾക്ക് കാരണമായതും.
കാലാവസ്ഥ അനുകൂലമാവുകയും കുന്നുകളിലെ പുല്ല് ഉണങ്ങി കാഴ്ച തെളിയുകയും ചെയ്യുമ്പോൾ ദൗത്യം വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇപ്പോൾ ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിലാണ് ചക്കക്കൊമ്പൻ ഉള്ളത്. ആന ജനവാസമേഖലയിൽ കയറാതിരിക്കാൻ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും തുടരുമെന്ന് ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ പറഞ്ഞു. ഡിസംബർ, ജനുവരി മാസങ്ങളിൽ ദൗത്യം തുടരാനാണ് തീരുമാനം.




