വിമാനത്താവളം എന്ന് കേൾക്കുമ്പോൾ തന്നെ നീളമേറിയ റൺവേകളും തിങ്ങിനിറഞ്ഞ ടെർമിനലുകളും ഇടതടവില്ലാതെ പറന്നുയരുന്ന വിമാനങ്ങളുമാണ് സാധാരണ നമ്മുടെ മനസ്സിൽ ഓർമ്മ വരിക. എന്നാൽ ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നായ മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലുള്ള ബാൽജെക് വിമാനത്താവളം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.
‘തുറ വിമാനത്താവളം’ എന്നും അറിയപ്പെടുന്ന ഈ നിലയം തുറയിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെ ബാൽജെക്കിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ച ഈ വിമാനത്താവളം ഇന്ന് വിമാന സർവീസുകളേക്കാൾ അതിന്റെ അപൂർവ്വമായ കഥയുടെ പേരിലാണ് അറിയപ്പെടുന്നത്.
1983-ലാണ് ഇങ്ങനെയൊരു വിമാനത്താവളം എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. 1995-ൽ ഗവൺമെന്റ് അംഗീകാരം ലഭിച്ച ഈ പദ്ധതി, 2008 ഒക്ടോബറിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ഉദ്ഘാടനം ചെയ്തത്. 12.52 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ വിമാനത്താവളം ചെറിയ വിമാനങ്ങൾക്ക്, പ്രത്യേകിച്ച് 20 സീറ്റുകളുള്ള ഡോർണിയർ 228 വിമാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തത്.
സാധാരണ വാണിജ്യ വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ ചെറുതായ, 1.1 കിലോമീറ്റർ മാത്രം നീളവും 30 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇവിടെയുള്ളത്. കുറഞ്ഞ ദൂരത്തിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന ചെറിയ വിമാനങ്ങൾക്കായി നിർമ്മിച്ച ഈ കേന്ദ്രം, പ്രദേശത്തെ കർഷകർക്കും വ്യാപാരികൾക്കും തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ വേഗത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കാനും സഹായകരമാകുമെന്ന് കരുതിയിരുന്നു.
2008 ഒക്ടോബർ 23-ന് ഉദ്ഘാടനച്ചടങ്ങിൽ വച്ച് ഗുവഹാത്തിയിൽ നിന്നുള്ള രണ്ട് ചെറിയ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്തതാണ് ഈ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം. എന്നാൽ, അതിനുശേഷം ഇവിടെ നിന്ന് വാണിജ്യ വിമാന സർവീസുകളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. നീളം കുറഞ്ഞ റൺവേ തന്നെയാണ് ഇതിന് പ്രധാന തടസ്സമായി നിൽക്കുന്നത്. വലിയ ATR വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിൽ റൺവേ നീട്ടുന്നതിനായി 2014-ൽ സർക്കാർ കൂടുതൽ ഭൂമി ഏറ്റെടുത്തെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ യാത്രക്കാരെ സ്വീകരിക്കുന്നതിന് പകരം വലിയ സംഗീത പരിപാടികൾക്കും പൊതുസമ്മേളനങ്ങൾക്കും വേദിയായി ഈ വിമാനത്താവളം മാറിയിരിക്കുകയാണ്. എങ്കിലും വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമാക്കാൻ മേഘാലയ സർക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) സംയുക്തമായി പരിശ്രമിച്ചുവരുന്നുണ്ട്.




