Featured Sports

ജയിക്കേണ്ട കളി തോല്‍പ്പിച്ചിട്ട് … ‘ഒരാള്‍ എന്നെ തുണയ്ക്കാനുണ്ടായില്ല’! ബാറ്റര്‍മാരെ പഴിച്ച തിലക് വര്‍മയ്ക്കെതിരേ വിമര്‍ശനം

പാക്കിസ്ഥാൻ എ ടീമിനെതിരെ 48 റൺസിന് തോറ്റതിന് പിന്നാലെ, സഹതാരങ്ങളെ കുറ്റപ്പെടുത്തിയ ക്യാപ്റ്റൻ തിലക് വർമയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഏകദിന മത്സരം ടെസ്റ്റ് പോലെ മെല്ലെ കളിച്ച് തോറ്റിട്ടും വാചകമടിക്ക് കുറവില്ലെന്നാണ് ആരാധകരുടെ പരിഹാസം. 149 പന്തുകളിൽ നിന്നാണ് തിലക് സെഞ്ചറി നേടിയത്. തിലക് സെഞ്ചറി തികച്ചെങ്കിലും ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പാക്കിസ്ഥാൻ ഉയർത്തിയ 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 265 റൺസിന് എല്ലാവരും പുറത്തായി.

‘ഒരു ബാറ്ററെങ്കിലും കൂടെ നിന്നിരുന്നെങ്കിൽ ഞാൻ കളി ജയിപ്പിച്ചേനെ. അഭിഷേക് നൽകിയ മികച്ച തുടക്കവും ഷഹബാസിന്റെ പ്രകടനവും നിർണായകമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ആ മുൻതൂക്കം നിലനിർത്താനായില്ല’ എന്നായിരുന്നു തിലകിന്റെ പ്രതികരണം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ജയിക്കേണ്ട കളി തോറ്റ ശേഷം സഹതാരങ്ങളെ കുറ്റപ്പെടുത്താൻ നാണമില്ലേ എന്നാണ് എക്സിലെ ഒരു കമന്റ്. തിലകിന്റെ മെല്ലെപ്പോക്ക് കാരണമാണ് അഭിഷേകിന് വിക്കറ്റ് നഷ്ടമായതെന്നും പിന്നാലെ വന്ന ബാറ്റർമാർ സമ്മർദത്തിലായതെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. ആദ്യ അഞ്ച് റൺസ് എടുക്കാൻ തിലക് 28 പന്തുകൾ നേരിട്ടു. പാക് ബോളർമാർ സമ്മർദം ചെലുത്തിയതോടെ സ്ട്രൈക്ക് കൈമാറാൻ പോലും തിലകിന് സാധിച്ചില്ല. ഇതോടെ മറുവശത്തുണ്ടായിരുന്ന അഭിഷേകും പ്രതിസന്ധിയിലായി.

സെഞ്ചറി നേടിയതുകൊണ്ട് കാര്യമില്ലെന്നും ടീമിനെ ജയിപ്പിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും തിലക് വ്യക്തമാക്കി. ‘മത്സരം ജയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എനിക്ക് അതിന് സാധിച്ചില്ല. മാത്രമല്ല, ഇത് എന്റെ മികച്ച പ്രകടനവുമല്ല. ക്യാപ്റ്റൻ എന്ന നിലയിൽ ആ സമ്മർദവും ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’ – തിലക് കൂട്ടിച്ചേർത്തു.

ആറ് വിക്കറ്റിന് 129 റൺസ് എന്ന തകർച്ചയിൽ നിന്ന് ഷഹബാസ് അഹമ്മദും തിലകും ചേർന്ന് ഏഴാം വിക്കറ്റിൽ 112 റൺസ് നേടിയിരുന്നു. 41 പന്തുകളിൽ നിന്ന് 56 റൺസെടുത്ത ഷഹബാസ് നിർണായക ഘട്ടത്തിലാണ് പുറത്തായതെന്നും തിലക് മത്സരശേഷം പറഞ്ഞു. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ ഇന്ത്യയ്ക്ക് വൈഭവിനെയും (11) ആയുഷ് ബദോനിയെയും (0) നഷ്ടമായിരുന്നു. 42 പന്തിൽ 70 റൺസെടുത്ത് അഭിഷേക് തകർത്തടിച്ചെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.