Crime

അമ്മയുടെ കൊലക്കേസിലെ സാക്ഷിയായ പെൺകുട്ടി തൂങ്ങിമരിച്ചു; പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സംഭവം

കൊൽക്കത്ത: അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷം കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

2023 ഒക്ടോബറിലാണ് സയാനിയുടെ അമ്മ മാലാ ശികാരി കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ ഭർത്താവ് സമീർ ശികാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ മരിച്ചതിനു ശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു സയാനി താമസിച്ചിരുന്നത്. ഏകദേശം മൂന്നു വർഷത്തോളം ജയിലിലായിരുന്ന സമീർ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ജാമ്യത്തിലിറങ്ങിയ ഉടൻ തന്നെ സമീർ സയാനിയെ തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചതു കുടുംബത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇക്കാര്യം പൊലീസിൽ അറിയിച്ചപ്പോൾ പെൺകുട്ടിയുടെ ഫോൺ നമ്പറും സിം കാർഡും മാറ്റാൻ നിർദേശിച്ചു. എന്നാൽ പുതിയ നമ്പറും സമീർ എങ്ങനെയോ കൈക്കലാക്കിയെന്നു ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇവർ തമ്മിൽ സംസാരിച്ചിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവസമയത്ത് സയാനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വൈകിട്ട് വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുത്തച്ഛൻ കുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരിക്കുന്നതിനു മുൻപ് സയാനി ആരെയെല്ലാം വിളിച്ചിട്ടുണ്ടെന്നും സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും അറിയാൻ പൊലീസ് കുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്.

സയാനിയുടെ മരണത്തിൽ പിതാവ് സമീറിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുത്തച്ഛൻ നിതൻ ബോസും ബന്ധുവായ സുഭാഷ് ബാരിക്കും ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം പൂർത്തിയാകാതെ മുൻവിധികളിലേക്ക് എത്തരുതെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോൺ രേഖകളുടെ പരിശോധനാ ഫലവും വന്നാലേ മരണകാരണം കൃത്യമായി പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.