Lifestyle

‘ലോകത്തിലെ ഏറ്റവും മികച്ച കുഞ്ഞു ഷെഫ്’! ദാൽ ധോക്ലി റെസിപ്പി കണ്ടാൽ ആരുടെയും വായയിൽ വെള്ളമൂറും, വിഡിയോ വൈറൽ!

കുട്ടികൾ മുതിർന്നവരെ അനുകരിക്കുന്നത് നാം എപ്പോഴും കാണാറുള്ളതാണ്. അമ്മമാർ അടുക്കളയിൽ പാചകം ചെയ്യുന്നത് കണ്ട് കുരുന്നു പെൺകുട്ടികൾ പാചകം ചെയ്ത് കളിക്കുന്നത് ഇതിൽ ഏറ്റവും സാധാരണമായ ഒന്നാണ്. ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടിയതോടെ, നടന്മാരും ഇൻഫ്ലുവൻസർമാരും ചെയ്യുന്നത് കണ്ട് അത് വീണ്ടും ചെയ്തു നോക്കാനും കുട്ടികൾ ശ്രമിക്കാറുണ്ട്.

ഇപ്പോൾ നിയതി ചൗധരി എന്നൊരു കുഞ്ഞുപെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദാൽ ധോക്ലി എങ്ങനെ ഉണ്ടാക്കാമെന്ന് വളരെ മനോഹരമായി ഈ കുട്ടി വിവരിക്കുകയും ചെയ്തു കാണിക്കുകയും ചെയ്യുന്നതാണ് ഈ പാചക വീഡിയോ. വിഭവം തയ്യാറാക്കുന്ന രീതി മാത്രമല്ല, ഈ കുരുന്നിന്റെ മനോഹരമായ സംസാരരീതിയും നിങ്ങളുടെ മനസ്സ് കവരും.

അപ്രോണും ഷെഫ് തൊപ്പിയും ധരിച്ച് ഒരു യഥാർത്ഥ ഷെഫിനെപ്പോലെയാണ് കുട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ക്യാമറയിലേക്ക് നോക്കി ആവശ്യമായ ചേരുവകളെക്കുറിച്ച് പറയുകയും അവ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടാണ് പാചകം തുടങ്ങുന്നത്. “ഞാനുണ്ടാക്കുന്ന ദാൽ ധോക്ലി നിങ്ങൾക്ക് കഴിക്കണോ? ഇന്ന് ഞാൻ ദാൽ ധോക്ലിയാണ് ഉണ്ടാക്കുന്നത്. നിങ്ങൾക്കും വേണോ? എന്നാൽ വരൂ, നമുക്കത് ഉണ്ടാക്കാം,” ക്യാമറയിലേക്ക് നോക്കി കുട്ടി പറയുന്നു.

കുറച്ച് ചെറുപയർ പരിപ്പും കടലപ്പരിപ്പും എടുത്ത് കഴുകിക്കൊണ്ടാണ് തുടക്കം. “പരിപ്പ് നന്നായി കഴുകണം,” എന്ന് കുട്ടി പ്രേക്ഷകരോട് പറയുന്നു. തുടർന്ന് മാവ് കുഴക്കാനാവശ്യമായ ചേരുവകൾ ഒന്നൊന്നായി പരിചയപ്പെടുത്തുന്നു. “കുറച്ച് ഗോതമ്പുപൊടി വേണം, ഇനി കുറച്ച് കടലപ്പരിപ്പ് പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, ജീരകം, ഒരു നുള്ളു കായം… ഇതെല്ലാം നന്നായി യോജിപ്പിക്കണം,” ഓരോന്നും സ്വയം ചെയ്ത് കാണിച്ചുകൊണ്ട് കുട്ടി വിവരിക്കുന്നു.

ഈ സമയത്താണ് കുട്ടിയെ സഹായിക്കാൻ അമ്മ കൂടെയുണ്ടെന്ന് വ്യക്തമാകുന്നത്. “അമ്മേ, മാവ് കുഴച്ചു തരൂ,” എന്ന് കുട്ടി അമ്മയോട് കൊഞ്ചലോടെ ആവശ്യപ്പെടുന്നു. ശേഷം, “ഇങ്ങനെ വേണം മാവ് തയ്യാറാക്കാൻ. എന്നിട്ട് ഇതിൽ നിന്ന് ചെറിയ ഉരുളകളാക്കി ധോക്ലി ഉണ്ടാക്കണം. ഇതുപോലെ എല്ലാം ഉണ്ടാക്കിയെടുക്കണം,” എന്ന് ബാക്കി കാര്യങ്ങൾ പറഞ്ഞു നൽകുന്നു.

ഒടുവിൽ ആവി പറക്കുന്ന ദാൽ ധോക്ലി അടങ്ങിയ പ്ലേറ്റുമായി കുട്ടി പ്രത്യക്ഷപ്പെടുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ചൂടുണ്ടെങ്കിലും അത് കഴിക്കാൻ കുട്ടി തയ്യാറായിക്കഴിഞ്ഞിരുന്നു.

ധാരാളം ആളുകളാണ് ഈ കുഞ്ഞു ഷെഫിന്റെ വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

“എനിക്കും ദാൽ ധോക്ലി കഴിക്കാൻ തോന്നുന്റു,” എന്നാണ് ഒരാൾ കുറിച്ചത്.

“റെസിപ്പി കുറിച്ചെടുത്തു, മിടുക്കി കുഞ്ഞു ഷെഫ്!” എന്ന് മറ്റൊരാൾ കുറിച്ചു.

“ലോകത്തിലെ ഏറ്റവും മിടുക്കിയായ കുഞ്ഞു ഷെഫ്,” എന്നായിരുന്നു മറ്റൊരു കമന്റ്.

“ഇൻസ്റ്റാഗ്രാമിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച. നീ വളരെ മിടുക്കിയാണ്,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“കുഞ്ഞു ഷെഫ് നിൽക്കൂ… ഞാൻ കുറിപ്പുകൾ എടുക്കട്ടെ,” എന്നും ചിലർ കുറിച്ചു.

“കഴിച്ചു കഴിഞ്ഞ് കുറച്ച് ഞങ്ങൾക്കും കൊടുത്തയക്കൂ,” എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.