കുട്ടിക്കാലത്തെ ഒരു വിനോദത്തെ വൻകിട ബിസിനസ്സാക്കി മാറ്റിയ മിയാമിയിലെ സംരംഭകനായ ആൻഡ്രെസ് ഫെർണാണ്ടസിന്റെ കഥ ശ്രദ്ധേയമാകുന്നു. ബിസിനസ്സ് സ്കൂളിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച നിമിഷമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം ബിസിനസ്സ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു. അമ്മയുടെ നിർബന്ധം കാരണം മാത്രമാണ് താൻ കോളേജിൽ ചേർന്നതെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഭൂരിഭാഗം ആളുകളും പ്രാഥമിക വിദ്യാഭ്യാസ കാലത്തിനുശേഷം ഉപേക്ഷിക്കുന്ന ‘പോക്കിമോൻ കാർഡുകൾ’ എന്ന കുട്ടിക്കാലത്തെ വിനോദത്തിൽ അദ്ദേഹം ഒരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
“കോളേജിൽ ചേരുമ്പോൾ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയില്ലായിരുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ പോയത്, പഠിച്ച ബിസിനസ്സ് കോഴ്സ് എനിക്ക് തികച്ചും വിരസമായി തോന്നി,” ഫെർണാണ്ടസ് പറഞ്ഞു. “വെറും ഒരു സെമസ്റ്ററിന് ശേഷം, പോക്കിമോൻ കാർഡ് വിൽപ്പനക്കാരനാകാൻ ഞാൻ പഠനം ഉപേക്ഷിച്ചു. ഒരു കോർപ്പറേറ്റ് ജോലി ചെയ്യുന്നതിനായി ബിസിനസ്സ് ബിരുദം നേടുന്നതിന് പകരം, എന്റേതായ ഒരു യഥാർത്ഥ ബിസിനസ്സ് കെട്ടിപ്പടുക്കാൻ എനിക്ക് കഴിഞ്ഞു.”
ഇന്ന് അദ്ദേഹം ‘മിന്റ്ലി കളക്ട്സ്’ (MintlyCollects) എന്ന കളക്ടബിൾസ് കമ്പനി നടത്തുന്നു. കഴിഞ്ഞ വർഷം 7.8 മില്യൺ ഡോളറിന്റെ (ഏകദേശം 74.4 കോടി രൂപ) വിൽപ്പന നടത്തിയ ഈ കമ്പനി, ഈ വർഷം 10 മില്യൺ ഡോളർ കടക്കാനുള്ള തയാറെടുപ്പിലാണ്.
ആദ്യകാലത്ത് ഫെർണാണ്ടസ് ഒരു കാർഡ് കളക്ടർ ആയിരുന്നില്ല, മറിച്ച് പോക്കിമോൻ വീഡിയോ ഗെയിമുകൾ കളിച്ചാണ് അദ്ദേഹം വളർന്നത്. തന്റെ ബന്ധുവിന് സമ്മാനമായി നൽകാൻ ടാർഗെറ്റ് സ്റ്റോറിൽ നിന്ന് 5 ഡോളറിന്റെ ഒരു കാർഡ് പാക്ക് വാങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
ആ പാക്കിൽ ഏകദേശം 100 ഡോളർ വിലമതിക്കുന്ന ഒരു അ അപൂർവ്വ കാർഡ് ഉണ്ടായിരുന്നു. ഇതിൽ നിന്നുള്ള ലാഭം അദ്ദേഹത്തിന്റെ ശ്രദ്ധ കവർന്നു. താമസിയാതെ അദ്ദേഹം തന്റെ കയ്യിലുള്ള പണം പുതിയ കാർഡ് പാക്കുകളിൽ നിക്ഷേപിക്കാനും, ലഭിക്കുന്ന അപൂർവ്വ കാർഡുകൾ ഓൺലൈനിൽ പങ്കുവെച്ച് റീസെയിൽ മാർക്കറ്റിനെക്കുറിച്ച് പഠിക്കാനും തുടങ്ങി.
പഠനം ഉപേക്ഷിച്ച ശേഷം ഫെർണാണ്ടസ് തന്റെ ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇൻസ്റ്റാഗ്രാം ലൈവ് സെഷനുകൾ സംഘടിപ്പിച്ചുകൊണ്ട്, 30,000-ത്തോളം വരുന്ന തന്റെ ഫോളോവേഴ്സിന് അദ്ദേഹം നേരിട്ട് കാർഡുകൾ വിറ്റു. 2020 അവസാനത്തോടെ ലൈവ്-ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ‘വാട്ട്നോട്ട്’ (Whatnot) അതിന്റെ പോക്കിമോൻ വിഭാഗം ആരംഭിക്കുകയും, ആദ്യത്തെ അഞ്ച് ഔദ്യോഗിക സ്ട്രീമർമാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തതാണ് ബിസിനസ്സിൽ വലിയ വളർച്ച നൽകിയത്.
ഔദ്യോഗിക ബിസിനസ്സ് ബിരുദമില്ലാതെ, സ്വന്തം അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിച്ചാണ് ഫെർണാണ്ടസ് മുന്നേറിയത്. പിന്നീട് തന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി അദ്ദേഹം 150,000 ഡോളർ വായ്പയെടുത്തു. ആ ധീരമായ തീരുമാനം അദ്ദേഹത്തിന് വലിയ വിജയം നൽകി. ഇന്ന് അഞ്ചര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒന്നിലധികം സ്ട്രീമിംഗ് അക്കൗണ്ടുകളിലൂടെയാണ് മിന്റ്ലി കളക്ട്സ് പ്രവർത്തിക്കുന്നത്.
“ഇന്നത്തെ ഈ നിലയിലെത്താൻ വർഷങ്ങളോളം പ്രതിഫലമൊന്നും വാങ്ങാതെ ഞാൻ കഠിനാധ്വാനം ചെയ്തു,” അദ്ദേഹം പറഞ്ഞു. “ജീവിതം അതിന്റെ വഴിയേ പോകട്ടെ, എല്ലാം ശരിയാകും എന്ന ചിന്ത 1970-കളിലോ 80-കളിലോ 90-കളിലോ ശരിയായിരിക്കാം, എന്നാൽ നമ്മൾ ഇപ്പോൾ വേറൊരു കാലഘട്ടത്തിലാണ്. കൃത്യമായ ഒരു ലക്ഷ്യവും താല്പര്യവും കണ്ടെത്തുക. എന്തെങ്കിലും കാര്യക്ഷമമല്ലെന്ന് കണ്ടാൽ മാറ്റങ്ങൾ വരുത്തുക. നിങ്ങൾ ടെക് മേഖലയിലാണെങ്കിൽ ഒരു കമ്പനിയിൽ സൗജന്യമായി ജോലി ചെയ്യുക, അവിടെ നിന്ന് പരിചയം നേടുക, അങ്ങനെ നിങ്ങൾ വഴി കണ്ടെത്തും.”




