സമസ്തിപൂർ: കുടുംബത്തിന്റെയും കുട്ടികളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്ന ഛഠ് പൂജയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ, ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നുള്ള ദാരുണവാർത്ത നാടിനെ നടുക്കി. ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ നിവേദ്യത്തിൽ നിന്ന് എടുത്തു കഴിച്ചതിന് അമ്മ തന്റെ നാല് വയസ്സുള്ള മകളെ മർദ്ദിച്ചുകൊന്നു. ഞായറാഴ്ചയാണ് സംഭവം.
മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ അമ്മ റീന കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജു പാസ്വാന്റെ മകൾ സുഹാനി കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബമെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. പൂജാ ക്രമീകരണങ്ങൾക്കായി വീട്ടിലെ മറ്റുള്ളവർ അടുത്തുള്ള കടവിലേക്ക് പോയ സമയത്ത്, റീന കുമാരി വീട്ടിൽ പ്രസാദത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കുകയായിരുന്നു. ഈ സമയം വഴിപാടിനായി വെച്ചിരുന്ന ഭക്ഷണത്തിൽ സുഹാനി തൊടുകയും അല്പം കഴിക്കുകയും ചെയ്തു. ഇതിൽ ദേഷ്യം വന്ന റീന കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും, തുടർന്ന് സുഹാനിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയുമായിരുന്നു.
തുടർന്ന് റീന തന്നെ കുട്ടിയെ അടുത്തുള്ള ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ എത്തിച്ചു. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകളുടെ വിയോഗം കുടുംബത്തെ ആകെ തകർത്തുവെന്ന് രാജു പാസ്വാൻ പോലീസിനോട് പറഞ്ഞു. മകൾ നഷ്ടപ്പെട്ടതോടെ തനിക്ക് ഇനി ഈ ഉത്സവത്തിൽ യാതൊരു സന്തോഷവുമില്ലെന്നും അദ്ദേഹം വേദനയോടെ വ്യക്തമാക്കി. ഭാര്യക്ക് കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട രാജു, ഇനി അവളെ ജീവിതത്തിൽ ആവശ്യമില്ലെന്നും മറ്റ് മക്കളെ താൻ ഒറ്റയ്ക്ക് വളർത്തുമെന്നും പറഞ്ഞു. രാജു പാസ്വാനും റീന കുമാരിക്കും ഏഴ് വയസ്സുള്ള ശിവാനി കുമാരി, മരിച്ച സുഹാനി കുമാരി, ഒന്നര വയസ്സുള്ള രാജ കുമാർ എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. സുഹാനിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ തീരാവേദനയിലാഴ്ത്തി.
വിവരമറിഞ്ഞ ഉടൻ സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സമസ്തിപൂരിലെ സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും അന്വേഷണം പൂർത്തിയാവുകയും ചെയ്ത ശേഷമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.




