ഇന്ത്യയിലെ ആദ്യ കാഴ്ചപരിമിതിയുള്ള വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയായ പ്രാഞ്ചൽ പാട്ടീലിനെ ഡൽഹിയിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് മാറ്റിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) പ്രിൻസിപ്പൽ ബെഞ്ച് റദ്ദാക്കി. 2026 നവംബർ 4-ലെ ഉത്തരവിൽ, ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വൈദ്യസഹായ ആവശ്യങ്ങളും പിന്തുണയും പരിശോധിക്കാതെ പൊതുവായ സ്ഥലംമാറ്റ നയങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കാൻ കഴിയില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ജുഡീഷ്യൽ അംഗം രാജ്വീർ സിങ് വർമ്മയാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം (RPwD Act) അനുയോജ്യമായ സൗകര്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും, ഇത്തരം സ്ഥലംമാറ്റ തീരുമാനങ്ങളിൽ അത് ഉറപ്പാക്കണമെന്നും ട്രൈബ്യൂണൽ ഊന്നിപ്പറഞ്ഞു. ഇതോടെ 2024 സെപ്റ്റംബർ 12-ലെ സ്ഥലംമാറ്റ ഉത്തരവും തുടർന്നുണ്ടായ നടപടികളും റദ്ദായി.
2017 ബാച്ച് എ.ജി.എം.യു.ടി (AGMUT) കേഡർ ഉദ്യോഗസ്ഥയായ പ്രാഞ്ചൽ പാട്ടീൽ, കാഴ്ചപരിമിതിയെ അതിജീവിച്ച് ഐ.എ.എസ് നേടിയാണ് ശ്രദ്ധേയയായത്. ചെറുപ്പം മുതലേ കാഴ്ചശക്തിയില്ലാത്ത അവർ മുംബൈയിലെ കമല മേത്ത സ്കൂളിലും സെന്റ് സേവ്യേഴ്സ് കോളേജിലും പഠിച്ച ശേഷം ഡൽഹി ജെ.എൻ.യുവിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദം നേടി. സ്ക്രീൻ റീഡിംഗ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ പ്രാഞ്ചൽ, 2016-ൽ സിവിൽ സർവീസ് പരീക്ഷയിൽ 773-ാം റാങ്കും 2017-ൽ 124-ാം റാങ്കും നേടിയാണ് ഐ.എ.എസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഔദ്യോഗിക ജീവിതത്തിൽ കേരളത്തിലും ഡൽഹിയിലും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-ൽ എറണാകുളം അസിസ്റ്റന്റ് കളക്ടറായി പരിശീലനം ആരംഭിച്ച അവർ, 2019 ഒക്ടോബറിൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. ഒരു സബ് കളക്ടർ പദവിയിലെത്തുന്ന ആദ്യ കാഴ്ചപരിമിതിയുള്ള വനിത കൂടിയായിരുന്നു അവർ. പിന്നീട് എ.ജി.എം.യു.ടി കേഡറിലേക്ക് മാറിയ ശേഷം ഡൽഹിയിൽ എസ്.ഡി.എം, ഡെപ്യൂട്ടി കമ്മീഷണർ (വരുമാനം), വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ, സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.
ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ഇളവ് പ്രകാരമാണ് 2018-ൽ പ്രാഞ്ചൽ കേരള കേഡറിൽ നിന്ന് എ.ജി.എം.യു.ടി കേഡറിലേക്ക് മാറിയതും ഡൽഹിയിൽ നിയമനം നേടിയതും. തുടർച്ചയായ ചികിത്സയും വൈദ്യസഹായവും ആവശ്യമായതിനാലാണ് ഡൽഹിയിൽ നിയമനം നൽകിയിരുന്നത്. എന്നാൽ 2024 സെപ്റ്റംബർ 12-ന് ഇവരെ അരുണാചൽ പ്രദേശിലേക്ക് മാറ്റി ഉത്തരവിറങ്ങി. തന്റെ ആരോഗ്യപരമായ ആവശ്യങ്ങളും നിയമപരമായ സംരക്ഷണവും പരിഗണിക്കാതെയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഞ്ചൽ ട്രൈബ്യൂണലിനെ സമീപിച്ചത്. ഡൽഹിയിലെ എയിംസ്, നോയിഡയിലെ ഐകെയർ ഐ ഹോസ്പിറ്റൽ, സീതാറാം ഭാരതിയ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തനിക്ക് തുടർച്ചയായ ചികിത്സ ആവശ്യമുണ്ടെന്ന് അവർ വ്യക്തമാക്കി. കൂടാതെ, തന്റെ ഏക പരിചാരികയായിരുന്ന മുത്തശ്ശി സ്ഥലംമാറ്റ ഉത്തരവിന് രണ്ടു ദിവസം മുമ്പ് സെപ്റ്റംബർ 10-ന് അന്തരിച്ച കാര്യവും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എ.ജി.എം.യു.ടി കേഡറിലെ ഉദ്യോഗസ്ഥർ വിദൂര മേഖലകളിൽ സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരാണെന്നും അരുണാചൽ പ്രദേശിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ ട്രൈബ്യൂണൽ തള്ളി. ഭിന്നശേഷിയുള്ള ജീവനക്കാർക്ക് നിയമം നൽകുന്ന സംരക്ഷണം മറികടക്കാൻ ഇത്തരം പൊതുവായ കാര്യങ്ങൾ കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, അരുണാചൽ പ്രദേശിലെ ഒഴിവുകളുടെ കൃത്യമായ വിവരങ്ങളോ, മറ്റ് ഉദ്യോഗസ്ഥരെ പരിഗണിച്ചിരുന്നോ എന്ന കാര്യമോ, സമാനമായ വൈദ്യസഹായ സൗകര്യങ്ങൾ അവിടെ ലഭ്യമാണോ എന്ന വിവരമോ വ്യക്തമാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.




