Lifestyle

50 ലക്ഷം ഗുലാബ് ജാമുൻ, ടാങ്കറുകളിൽ പാൽ, ഹെലിപ്പാഡ്, കുതിരപ്പന്തയം; ബോളിവുഡിനെ വെല്ലുന്ന രാജകീയ വിവാഹവുമായി ബിഹാർ എംഎൽഎ!

പട്ന: നൂറടിയോളം വീതിയുള്ള കൂറ്റൻ ടെന്റുകൾ, താൽക്കാലിക അടുക്കളകളിൽ തകൃതിയായി ഒരുങ്ങുന്ന വിഭവങ്ങൾ, ദേശീയപാതയ്ക്ക് സമീപം പുരോഗമിക്കുന്ന ഹെലിപ്പാഡ് നിർമാണം, പ്രധാന ആകർഷണമായ കുതിരയോട്ട മത്സരത്തിനുള്ള ഒരുക്കങ്ങൾ മറുവശത്ത്, വിജയിക്ക് സമ്മാനമായി ആഡംബര എസ്‌യുവി… ബിഹാറിലെ എംഎൽഎ അനന്ത് സിങ് അഥവാ ‘ഛോട്ടെ സർക്കാറിന്റെ’ മകളുടെ വിവാഹത്തിനായുള്ള തയാറെടുപ്പുകൾ ഗംഭീരമായി നടക്കുകയാണ്. ബോളിവുഡ് സിനിമകളെയും ടിവി സീരിയലുകളെയും വെല്ലുന്ന രീതിയിലുള്ള അത്യാഡംബര വിവാഹമാണ് നവംബർ 25-ന് പട്നയിലെ ലാഡ്മ ഗ്രാമത്തിൽ അരങ്ങേറുന്നത്.

അനന്ത് സിങ്ങിന്റെ മകൾ ശിവാംഗിയും കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേശ് കുമാറുമാണ് വിവാഹിതരാകുന്നത്. ഇന്ന് നടക്കുന്ന ഹൽദി ചടങ്ങിൽ അതിഥികൾക്ക് വിളമ്പാനായി 50 ലക്ഷം ഗുലാബ് ജാമുനുകളാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി നൂറടി നീളമുള്ള പ്രത്യേക ടെന്റും നിർമിച്ചിട്ടുണ്ട്. അനന്ത് സിങ്ങിന്റെ ആൺമക്കളായ അങ്കിത്, അഭിഷേക്, അഭിനവ് എന്നിവരാണ് വിവാഹച്ചടങ്ങുകൾക്കും അതിഥി സൽക്കാരത്തിനും മേൽനോട്ടം വഹിക്കുന്നത്.

അടുത്ത രണ്ട് ദിവസങ്ങളിലായി എത്തുന്ന അതിഥികൾക്ക് ഭക്ഷണം വിളമ്പാനായി 12 കൂറ്റൻ ടെന്റുകളാണ് ഒരുക്കിയിട്ടുള്ളത്. മധുരപലഹാരങ്ങൾ നിർമിക്കാൻ ആവശ്യമായ പാൽ ടാങ്കറുകളിലാണ് എത്തിക്കുന്നതെന്ന് അനന്ത് സിങ്ങിന്റെ സഹായി കനയ്യ സിങ് എൻഡിടിവിയോട് വ്യക്തമാക്കി.

വിവാഹദിനത്തിലാണ് ആവേശകരമായ കുതിരപ്പന്തയം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക ഇനത്തിൽപ്പെട്ട കുതിരകളാണ് ഇതിൽ മാറ്റുരയ്ക്കുക. ഓട്ടത്തിനിടെ കുതിരകൾ മുൻകാലുകൾ രണ്ടും ഒന്നിച്ച് ഉയർത്തുന്ന അഭ്യാസമായിരിക്കും മത്സരത്തിലെ പ്രധാന ആകർഷണമെന്ന് അനന്ത് സിങ് പറഞ്ഞു.