Featured Fitness

5 കിലോയുടെ ലെഹങ്കയണിഞ്ഞ് 100 കിലോ ഡെഡ്ലിഫ്റ്റ്; അതിഥികളെ അമ്പരപ്പിച്ച് ‘ഫിറ്റ്‌നസ് വധു’; വീഡിയോ വൈറൽ

വിവാഹദിനം ആഘോഷമാക്കാൻ ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളാണുള്ളത്. ചിലർ പാട്ടും നൃത്തവുമായി വേദി കീഴടക്കുമ്പോൾ, വേറിട്ടൊരു പ്രകടനത്തിലൂടെ സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയാണ് ഒരു വധു. വിവാഹവേഷമായ ലെഹങ്കയണിഞ്ഞ് 100 കിലോ ഭാരം ഡെഡ്ലിഫ്റ്റ് ചെയ്തും പുൾ അപ്സ് എടുത്തുമാണ് ഈ യുവതി എല്ലാവരെയും അമ്പരപ്പിച്ചത്. ജയ്പൂരിൽ നടന്ന വിവാഹവേദിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ‘ലോകത്തിലെ ആദ്യത്തെ ഫിറ്റ്‌നസ് വെഡ്ഡിങ്’ എന്നാണ് പലരും ഈ വിവാഹത്തെ വിശേഷിപ്പിക്കുന്നത്.

ബീസ്റ്റ്‌ലൈഫ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് വധുവിന്റെ ഈ കരുത്തുറ്റ പ്രകടനമുള്ളത്. കനത്ത അലങ്കാരപ്പണികളുള്ള ഇളം നീല ലെഹങ്കയാണ് വധു ധരിച്ചിരിക്കുന്നത്. വിവാഹവേദിയിൽ അതിഥികൾ ചുറ്റും കൂടിനിൽക്കുമ്പോൾ മുന്നിൽ വെച്ചിരിക്കുന്ന ബാർബെല്ലിന് അടുത്തേക്ക് എത്തുന്ന വധു, അത് കുനിഞ്ഞുപിടിച്ച് ഉയർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 100 കിലോ ഭാരമാണ് വധു ഡെഡ്ലിഫ്റ്റ് ചെയ്യുന്നത്. മൈക്കിലൂടെ ഒരാൾ അതിഥികൾക്ക് ഈ പ്രകടനം വിവരിച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം.

മറ്റൊരു വീഡിയോയിൽ വിവാഹവേഷമായ ലെഹങ്ക ധരിച്ചുതന്നെ വധു പുൾ അപ്സ് എടുക്കുന്നതും കാണാൻ സാധിക്കും. വേദിയിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബാറിൽ പിടിച്ച് ശരീരം മുകളിലേക്ക് ഉയർത്തുകയാണ് വധു. ചുറ്റും നിൽക്കുന്ന അതിഥികൾ ആവേശത്തോടെ ഈ ദൃശ്യങ്ങൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ പകർത്തുന്നുമുണ്ട്. ‘ജയ്പൂരിൽ ലോകത്തിലെ ആദ്യത്തെ ഫിറ്റ്‌നസ് വെഡ്ഡിങ് നടക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ വൈറലാകുന്നത്.

വധുവിന്റെ ശാരീരികക്ഷമതയെയും ഫിറ്റ്‌നസിനോടുള്ള താല്പര്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിവാഹദിനത്തിലെ പതിവ് ആഘോഷങ്ങളിൽ നിന്ന് മാറി തനിക്ക് ഏറെ പ്രിയപ്പെട്ട വ്യായാമത്തിന് പ്രാധാന്യം നൽകിയതിനെ പലരും അഭിനന്ദിച്ചു. ‘നിങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തിന് സല്യൂട്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും അത്ഭുതകരമായ വിവാഹം’ എന്ന് മറ്റൊരാൾ കുറിച്ചു. വിവാഹത്തിന് ചെലവഴിച്ച പണത്തിന് ഇതിലും മികച്ചൊരു മൂല്യം ലഭിക്കാനില്ലെന്നും ചിലർ തമാശരൂപേണ അഭിപ്രായപ്പെട്ടു. വിവാഹസദ്യയിൽ പ്രോട്ടീൻ ഷേക്കുകൾ, സാലഡ്, ഗ്രിൽഡ് ചിക്കൻ, ഫിഷ്, ഷുഗർ ഫ്രീ മധുരപലഹാരങ്ങൾ എന്നിവയായിരുന്നോ വിളമ്പിയതെന്നും ഒരാൾ രസകരമായി ചോദിച്ചു. അഞ്ച് കിലോ ഭാരമുള്ള ലെഹങ്കയണിഞ്ഞുള്ള ‘വെയ്റ്റഡ് പുൾ അപ്സ്’ എന്നായിരുന്നു മറ്റൊരു കമന്റ്.