30-കളിൽ ആരോഗ്യം സംരക്ഷിക്കുക എന്നത് വെറുമൊരു ശരീരഭാരം നിലനിർത്തുന്നതിനോ ചെറുപ്പമായി കാണപ്പെടുന്നതിനോ വേണ്ടി മാത്രമുള്ളതല്ല. ഹോർമോണുകൾ, ആർത്തവം, ചർമ്മം, മുടി, ശരീരഭാരം എന്നിവയെ ബാധിക്കുന്ന നിരവധി മാറ്റങ്ങളിലൂടെ ശരീരം കടന്നുപോകുന്നതിനാൽ, സ്ത്രീകളുടെ ദീർഘകാല ആരോഗ്യത്തിന് ഈ ഘട്ടം വളരെ നിർണായകമാണ്.
ശരീരത്തെ മികച്ച രീതിയിൽ പരിചരിക്കുന്നതിന്റെ ഗുണം കാലക്രമേണയാണ് പ്രകടമാകുകയെന്നും ഫിറ്റ്നസ് നിലനിർത്താൻ കുറുക്കുവഴികൾ ഒന്നുമില്ലെന്നും പ്രമുഖ ന്യൂട്രീഷനിസ്റ്റ് രുജുത ദിവേക്കർ വ്യക്തമാക്കുന്നു. 30-കളിൽ സ്ത്രീകൾക്കായി അവർ പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
ആദ്യമായി, ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വ്യായാമത്തിന് മുൻഗണന നൽകണം. weight കുറയ്ക്കുക എന്ന ലക്ഷ്യത്തിനപ്പുറം ആഴ്ചയിൽ കുറഞ്ഞത് 3 മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ വ്യായാമം അസ്ഥികളുടെ ആരോഗ്യം, കരുത്ത്, പൊതുവായ ഫിറ്റ്നസ് എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും.
രണ്ടാമതായി, ചോറോ മറ്റ് പ്രധാന ഭക്ഷണങ്ങളോ പൂർണ്ണമായി ഒഴിവാക്കുന്ന ശീലം അരുത്. അരിഭക്ഷണം, കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര അല്ലെങ്കിൽ രാത്രിഭക്ഷണം എന്നിവ പൂർണ്ണമായും ഒഴിവാക്കുന്ന കശനമായ ഡയറ്റുകൾ പിന്തുടരരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതോടൊപ്പം ഭക്ഷണം സന്തോഷത്തോടെ ആസ്വദിച്ചു കഴിക്കുകയും വേണം.
മൂന്നാമതായി, അത്യാവശ്യ പോഷകങ്ങളിൽ കൃത്യമായ ശ്രദ്ധ പുലർത്തണം. വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ഇവയുടെ കുറവ് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സമീകൃതാഹാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 30-കളിൽ നിങ്ങൾ വളർത്തിയെടുക്കുന്ന ഇത്തരം നല്ല ശീലങ്ങൾ വരും വർഷങ്ങളിൽ നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ കരുത്തേകും.




