Crime

വിവാഹിതനെന്നത് മറച്ചുവച്ച് ഒന്നിച്ച് താമസിച്ചു; മൂന്നുതവണ ഗർഭച്ഛിദ്രത്തിന് ഇരയാക്കി: 35 ലക്ഷം രൂപ തട്ടി

ഗുരുഗ്രാം: സ്വകാര്യ ബാങ്ക് ജീവനക്കാരിയെ സഹപ്രവർത്തകനായ പങ്കാളി പീഡിപ്പിക്കുകയും 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഭിവാനി സ്വദേശിനിയാണ് പൊലീസിനെ സമീപിച്ചത്. 2023 മുതൽ ഗുരുഗ്രാമിലെ ബാങ്കിൽ ജോലി ചെയ്യുന്ന യുവതി 2025-ലാണ് സഹപ്രവർത്തകനുമായി അടുപ്പത്തിലായത്. പിന്നാലെ ഇരുവരും സെക്ടർ 9-ലെ വാടക അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം തുടങ്ങി.

ഒന്നിച്ച് താമസിക്കാൻ തുടങ്ങിയ ശേഷമാണ് താൻ വിവാഹിതനാണെന്ന വിവരം യുവാവ് വെളിപ്പെടുത്തിയത്. എന്നാൽ വിവാഹമോചനക്കേസ് നടക്കുകയാണെന്നും ഉടൻ തന്നെ ബന്ധം വേർപെടുത്തുമെന്നും പറഞ്ഞ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. 2025 ജൂലൈയിൽ യുവതി ഗർഭിണിയായപ്പോൾ നിർബന്ധിച്ച് മരുന്നുകൾ നൽകി ഗർഭച്ഛിദ്രം നടത്തിച്ചു. ഓഗസ്റ്റിലും ഡിസംബറിലും വീണ്ടും ഗർഭിണിയായപ്പോഴും സമാനമായ രീതിയിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനിടെ യുവതിയിൽ നിന്ന് 35 ലക്ഷത്തോളം രൂപയും ഇയാൾ കൈക്കലാക്കി.

2026 ഫെബ്രുവരിയിൽ യുവതി മറ്റൊരു വിവാഹം കഴിച്ചെങ്കിലും സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ വിവാഹമോചനം നേടാൻ നിർബന്ധിച്ചു. തുടർന്ന് ഗുരുഗ്രാമിലേക്ക് മടങ്ങിയെത്തിയ യുവതി വീണ്ടും പ്രതിക്കൊപ്പം താമസമാക്കി. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ യുവതി വീണ്ടും ഗർഭിണിയായതോടെ യുവാവ് ഒളിവിൽ പോകുകയായിരുന്നു. യുവതിയുടെ ഫോൺ നമ്പറും ഇയാൾ ബ്ലോക്ക് ചെയ്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു.