Health

തുടർച്ചയായ ചുമയ്ക്ക് കാരണം ട്യൂമറല്ല, ശ്വാസനാളത്തിൽ കുടുങ്ങിയ പല്ല്; ഡോക്ടർമാരെ പോലും ഞെട്ടിച്ച് അപൂർവ്വ സംഭവം

തുടർച്ചയായ ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധയും മൂലം ബുദ്ധിമുട്ടിയിരുന്ന 72 കാരനായ വൃദ്ധന്റെ ശ്വാസകോശത്തിൽ ട്യൂമർ ആണെന്ന് ഡോക്ടർമാർ സംശയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്തിയത് ശ്വാസനാളത്തിൽ മൂന്ന് വർഷത്തോളമായി കുടുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്റെ പല്ലാണ്. ‘ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി’ എന്ന ജേണലിലാണ് ഈ വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തത്.

മാസങ്ങളായി കഫക്കെട്ടോടുകൂടിയ ചുമയും അണുബാധയും ഉണ്ടായിരുന്ന ഇദ്ദേഹത്തെ ആന്റിബയോട്ടിക്കുകൾ നൽകി പലതവണ ചികിത്സിച്ചിരുന്നു. എന്നാൽ അർബുദത്തിന്റെ ലക്ഷണങ്ങളോ ശരീരഭാരം കുറയുന്നതോ ഉണ്ടായിരുന്നില്ല. സി.ടി സ്കാനിൽ ശ്വാസനാളത്തിൽ ഒരു അടവ് കണ്ടതിനെത്തുടർന്ന് ഡോക്ടർമാർ ആദ്യം ഇതൊരു ട്യൂമർ ആണെന്നാണ് കരുതിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തക്കുടലുകളോടുകൂടിയ ഒരു തടസ്സം കണ്ടെത്തുകയും ചെയ്തു.

ഇത് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് കട്ടിയുള്ള ഒരു വെളുത്ത വസ്തു പുറത്തുവന്നത്. ഫോർസെപ്സ് ഉപയോഗിച്ച് പുറത്തെടുത്തപ്പോൾ അതൊരു മനുഷ്യന്റെ പല്ലമാണെന്ന് തിരിച്ചറിഞ്ഞു. മൂന്ന് വർഷം മുമ്പ് ബോധം കെട്ടുവീണപ്പോൾ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നുവെന്ന് പിന്നീട് ചോദ്യം ചെയ്തപ്പോൾ രോഗി ഓർത്തെടുത്തു. അന്ന് ശ്വാസനാളത്തിലേക്ക് വലിഞ്ഞുകയറിയ പല്ല് ആരും അറിയാതെ അവിടെ കിടക്കുകയും അത് തുടർച്ചയായ അണുബാധയ്ക്കും ചുമയ്ക്കും കാരണമാവുകയുമായിരുന്നു. ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തതോടെ രോഗിയുടെ ആരോഗ്യനില പൂർണ്ണമായും ഭേദമായി. ഇത്തരം വിചിത്ര വസ്തുക്കൾ വർഷങ്ങളോളം കണ്ടെത്താനാവാതെ മനുഷ്യ ശരീരത്തിൽ കിടന്ന് ട്യൂമർ പോലുള്ള വളർച്ചകൾക്ക് കാരണമാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.