Spotlight

അയൽവാസിയോട് 500 രൂപ മാസപ്പടി ആവശ്യപ്പെട്ട് ഗുണ്ട; പ്രതിയെ റോഡിലൂടെ നടത്തി പരസ്യമായി തല്ലി പൊലീസ്- – വിഡിയോ

ഭോപ്പാൽ: അയൽപക്കത്ത് സമാധാനപരമായി താമസിക്കാൻ അനുവദിക്കണമെങ്കിൽ മാസം തോറും 500 രൂപ വീതം നൽകണമെന്ന് ഗുണ്ടയുടെ ഭീഷണി. പണം നൽകാൻ വിസമ്മതിച്ച കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പൊലീസ് ശക്തമായി ഇടപെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വിജയ് (25) എന്നയാൾ അയൽവാസിയായ സോന സോളങ്കിയോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പൻവാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.

ഒക്ടോബർ 21-ന് കുടുംബം നൽകിയ പരാതിയിൽ അറസ്റ്റിലായ ഗുണ്ടയെ പൊലീസ് സംഘം ഘോഷയാത്ര പോലെ റോഡിലൂടെ നടത്തിക്കുകയും പരസ്യമായി മർദ്ദിക്കുകയും ചെയ്തു. പൊലീസിന്റെ ഈ നടപടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിയും കൂട്ടാളികളും ചേർന്ന് സോന സോളങ്കിയെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അയൽക്കാർ ഇടപെട്ടതോടെ അവരെയും ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചു. പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ വിജയ് എന്നും പൊലീസ് അറിയിച്ചു.