ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി വാർത്തകളിൽ നിറഞ്ഞ 15 വയസ്സുകാരിയുടെ പുതിയ വീഡിയോ വീണ്ടും ചർച്ചയാകുന്നു. ത തന്റെ ജീവിതം നരകതുല്യമാക്കിയെന്ന് ആരോപിച്ചാണ് പെൺകുട്ടി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. രണ്ടുദിവസം മുൻപ് പെൺകുട്ടി പങ്കുവെച്ച ഈ വീഡിയോ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
താൻ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച പെൺകുട്ടി, പ്രധാനമന്ത്രി കാരണം തനിക്ക് എവിടെയും മുഖം മറയ്ക്കാതെ പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആരോപിച്ചു. 15 കാരിയായ തന്നെ വേട്ടയാടുകയാണെന്നും എവിടെ തിരിഞ്ഞാലും പീഡനം നേരിടുകയാണെന്നും പറഞ്ഞ പെൺകുട്ടി പ്രധാനമന്ത്രിയെ ഭീരുവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
തനിക്ക് ഇപ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും സ്വാതന്ത്ര്യമോ ജീവിക്കാനുള്ള അന്തരീക്ഷമോ ഇല്ലാതായെന്നും വീഡിയോയിൽ പറയുന്നുണ്ട്. എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലും ഇനി താൻ ഇതിൽ നിന്നും പിന്നോട്ടില്ലെന്നും എതിർപ്പുകളുമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടി ഉറപ്പിച്ചു പറയുന്നു.
പെൺകുട്ടിയുടെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. വീഡിയോ എഐ നിർമ്മിതമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും ഉറപ്പുനൽകിയിട്ടുണ്ട്. കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവരുടെ ഔദ്യോഗിക പേജുകളിലൂടെ ഈ വീഡിയോ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമെതിരെ മോശം പരാമർശം നടത്തിയതോടെയാണ് പെൺകുട്ടി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിക്കെതിരെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് കുടുംബത്തോടൊപ്പം പെൺകുട്ടി നോയിഡയിൽ നിന്ന് താമസം മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചുകൊണ്ട് പെൺകുട്ടി മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇത്തരം വിവാദങ്ങളിൽപ്പെടുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുന്നതിന് പകരം അവരോട് ക്ഷമിക്കാനും തിരുത്താൻ അവസരം നൽകാനുമാണ് തയ്യാറാകേണ്ടതെന്നായിരുന്നു ഈ വിഷയത്തിൽ പ്രധാനമന്ത്രി നൽകിയ മറുപടി.




