പ്രായമാവുക എന്നത് ചുളിവുകളോ നരച്ച മുടിയോ രൂപത്തിലുണ്ടാകുന്ന മാറ്റങ്ങളോ മാത്രമല്ല, നമ്മുടെ ശരീരത്തിലെ പേശികളുടെ ആരോഗ്യവും വാർദ്ധക്യത്തെക്കുറിച്ച് നമ്മോട് ഏറെ കാര്യങ്ങൾ പറയുന്നുണ്ട്. പേശികളുടെ ആരോഗ്യം വീട്ടിലിരുന്ന് തന്നെ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാൻ സഹായിക്കുന്ന മൂന്ന് ലളിതമായ വഴികൾ ഡോ. വിശാഖ് പങ്കുവയ്ക്കുന്നു..
കൈകളുടെ ബലം പരിശോധിക്കുക, കസേരയിൽ നിന്ന് എഴുന്നേൽക്കൽ പരിശോധന, നടത്തത്തിന്റെ വേഗത അളക്കുക എന്നിവയാണ് ആ ലളിതമായ മൂന്ന് പരിശോധനകൾ. നല്ല ആരോഗ്യത്തോടെയിരിക്കാൻ മാത്രമല്ല, പ്രായമാകുമ്പോൾ സ്വതന്ത്രമായി ചലിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ശക്തമായ പേശികൾ ആവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഈ മൂന്ന് പരിശോധനകൾ ശരീരത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഡോ. വിശാഖ് പറയുന്നത് ഇതാണ്:
ഒന്നാമത്തെ പരിശോധന: ” ഗ്രിപ്പ് ശക്തി അഥവാ കൈകളുടെ മുറുക്കം. ക്ലിനിക്കുകളിൽ ഡൈനാമോമീറ്റർ ഉപയോഗിച്ചാണ് ഇത് അളക്കുന്നത്. എന്നാൽ വീട്ടിൽ ഇതിന് പകരമായി ഒരു ബാറിൽ തൂങ്ങിക്കിടക്കുന്നത് (dead hang) ഉപയോഗിക്കാം. നിങ്ങളുടെ കൈകളുടെ മുറുക്കം മൊത്തത്തിലുള്ള പേശികളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. അത് കുറയുമ്പോൾ പേശികൾ ദുർബലമാകുന്നുവെന്നും വേഗത്തിലുള്ള വാർദ്ധക്യത്തിലേക്ക് നയിക്കുന്നുവെന്നും മനസ്സിലാക്കാം. നല്ലൊരു ഹസ്തദാനം നിങ്ങളുടെ ദീർഘകാല ആരോഗ്യത്തിന്റെ റിപ്പോർട്ടാണ്.”
രണ്ടാമത്തെ പരിശോധന: ” കസേരയിൽ നിന്ന് എഴുന്നേൽക്കുക. കൈകൾ ഉപയോഗിക്കാതെ കസേരയിൽ നിന്ന് അഞ്ച് തവണ എഴുന്നേൽക്കുക. ഇത് ശരീരത്തിന്റെ താഴത്തെ ഭാഗത്തെ കരുത്തും പേശികളുടെ പ്രവർത്തനക്ഷമതയും അളക്കുന്നു. പ്രായമാകുമ്പോൾ ആദ്യം കുറയുന്നത് പേശികളുടെ ഈ കരുത്താണ്. 12-15 സെക്കൻഡിനുള്ളിൽ ഇത് ചെയ്യാൻ കഴിയുന്നതാണ് ലക്ഷ്യം. ഇതിലും പതുക്കെയാണെങ്കിൽ നിങ്ങളുടെ പേശികളുടെ ശക്തി കുറയാൻ തുടങ്ങിയിരിക്കുന്നുവെന്നും വീഴാനുള്ള സാധ്യത കൂടുതലാണെന്നും അറിയുക.”
മൂന്നാമത്തെ പരിശോധന: ” സാധാരണ വേഗതയിൽ 8 മീറ്റർ നടക്കുക. 12 സെക്കൻഡിൽ താഴെ സമയമെടുക്കുന്നത് ആരോഗ്യകരമാണ്. പതുക്കെ നടക്കുന്നത് നിങ്ങളുടെ മസ്തിഷ്കം, നാഡികൾ, കാൽയിലെ പേശികൾ എന്നിവ തമ്മിലുള്ള ബന്ധത്തിൽ തകരാറുണ്ടെന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് ഗവേഷകർ നടത്തത്തിന്റെ വേഗതയെ ഹൃദയമിടിപ്പ് പോലെ തന്നെ ഒരു പ്രധാന ആരോഗ്യ സൂചകമായി കണക്കാക്കുന്നത്. നിൽക്കുക, നടക്കുക, ഈ മൂന്ന് ലളിതമായ പരിശോധനകൾ ചെയ്യുക. പേശികളെ സംരക്ഷിക്കുന്നത് കേവലം ശക്തിക്ക് വേണ്ടിയല്ല, മറിച്ച് ദീർഘകാലത്തെ ആരോഗ്യകരമായ ജീവിതത്തിനായുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്.”
പ്രായമാകുമ്പോൾ പേശികളുടെ ആരോഗ്യം നിലനിർത്താൻ കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം എന്നിവ ആവശ്യമാണെന്ന് ബി.ഡി.എ വ്യക്തമാക്കുന്നു. ശരിയായ ആഹാരം കഴിക്കുന്നത് പേശികളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ ഊർജ്ജം ശരീരത്തിന് നൽകുന്നു. ഭാരം ഉയർത്തുന്നതോ പ്രതിരോധത്തോടെയുള്ളതോ ആയ ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നത് പേശികളെ ബലമുള്ളതാക്കാൻ സഹായിക്കും.
ഇത്തരം വ്യായാമങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും ഒരുമിച്ച് കൊണ്ടുപോകുന്നത് മികച്ച ഫലം തരും. കൂടാതെ ആവശ്യത്തിന് പ്രോട്ടീൻ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കുന്നതും പ്രധാനമാണ്. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും വാർദ്ധക്യത്തിലും ആരോഗ്യം നിലനിർത്താനുള്ള പ്രധാന വഴിയാണ്.




