Celebrity

അർഷ്ദീപ് സിംഗ് സംറീൻ കൗറിനിട്ട് ടിഫാനി വിവാഹമോതിരം, വില 55 ലക്ഷം, ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും പഞ്ചാബി നടി സംറീൻ കൗറും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി അറിയിച്ചുകൊണ്ട് 2026 നവംബർ 11-ന് വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ന്യൂസിലൻഡിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ പ്രൊപ്പോസൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുമ്പോൾ, സംറീന്റെ കയ്യിലെ തിളങ്ങുന്ന ടിഫാനി (Tiffany) വിവാഹനിശ്ചയ മോതിരമാണ് ഏവരുടെയും കണ്ണുടക്കുന്നത്. സെലിബ്രിറ്റി ജ്വല്ലറി വിദഗ്ധനായ പ്രിയാൻഷു ഗോയലിന്റെ അഭിപ്രായത്തിൽ ഈ മോതിരത്തിന് 55 ലക്ഷം രൂപയിലധികം വിലവരും.

ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചുകൊണ്ട്, ഈ പ്രത്യേക നിമിഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം “ജീവിതം ഞങ്ങൾക്ക് നൽകിയ എല്ലാ കാര്യങ്ങളിലും വെച്ച്, ഞങ്ങളെ പരസ്പരം നൽകിയതിലാണ് എനിക്ക് ഏറ്റവും സന്തോഷം. ഒരുമിച്ചുള്ള ഒരു ജീവിതകാലത്തേക്ക്. 11.11.2026” എന്ന് ഇരുവരും കുറിച്ചു.

ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം പര്യടനം നടത്തുന്നതിനിടയിലാണ് അർഷ്ദീപ് സംറീനോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ യാത്രയിൽ സംറീനും താരത്തിനൊപ്പം ഉണ്ടായിരുന്നത് ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കി.

ജ്വല്ലറി വിദഗ്ധനായ പ്രിയാൻഷു ഗോയൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് മോതിരത്തിന്റെ ഏകദേശ വില വെളിപ്പെടുത്തിയത്. “ന്യൂസിലൻഡിലെ മനോഹരമായ പ്രൊപ്പോസൽ മുതൽ 55 ലക്ഷം രൂപയിലധികം വിലവരുന്ന അതിശയിപ്പിക്കുന്ന ടിഫാനി മോതിരം വരെ, അർഷ്ദീപ് സിംഗിന്റെയും സംറീൻ കൗറിന്റെയും വിവാഹനിശ്ചയ ചിത്രങ്ങൾ മാന്ത്രികമാണ്,” അദ്ദേഹം കുറിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യുഎസിൽ സൈസ് 6 പ്ലാറ്റിനം-ഡയമണ്ട് വിവാഹനിശ്ചയ മോതിരത്തിന് 59,000 ഡോളറാണ് (ഏകദേശം 55.26 ലക്ഷം രൂപ) വില. ഇന്ത്യയിൽ വജ്രത്തിന്റെ കാരറ്റ് തൂക്കത്തിനനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. 1.69 കാരറ്റ് മോതിരത്തിന് 44 ലക്ഷം രൂപയും, 2.10 കാരറ്റ് മോതിരത്തിന് ഏകദേശം 66.79 ലക്ഷം രൂപയുമാണ് വില വരുന്നത്.

2026-ലെ ഐപിഎൽ മത്സരങ്ങളിൽ പഞ്ചാബ് കിംഗ്‌സിനും അർഷ്ദീപിനും വേണ്ടി ഗാലറിയിലിരുന്ന് ആർപ്പുവിളിക്കുന്ന സംറീൻ ആരാധകർക്ക് സുപരിചിതയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ പ്രണയം പരസ്യമാക്കിയതിനു ശേഷം, അടുത്തിടെ നടന്ന ദീപാവലി ആഘോഷങ്ങൾ ഉൾപ്പെടെയുള്ള യാത്രകളുടെയും വിശേഷ നിമിഷങ്ങളുടെയും ചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു.