Featured Spotlight

ആരോഗ്യ കേരളമേ ലജ്ജയില്ലേ?….. പട്ടിണി മരണം? 2 വയസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി അമ്മ ആശുപത്രിയില്‍, ഒരു വർഷത്തിനിടെ മരിച്ചത് ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍

ഹരിപ്പാട്‌: ആവശ്യത്തിന്‌ ഭക്ഷണവും കൃത്യമായ പരിചരണവും ലഭിക്കാതെ രണ്ടു വയസ്സുകാരൻ മരിച്ച നിലയിൽ. കാർത്തികപ്പള്ളി വലിയകുളങ്ങര കൈമൂട്ടിൽ രാജേഷ്‌-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ഇവരുടെ ആറാമത്തെ കുട്ടിയായ രാഹുലിന്റെ മരണം, അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ കഴിയുമ്പോഴാണ് സംഭവിച്ചത്. മുൻപും ഇവരുടെ ഒരു ആൺകുഞ്ഞ് മരണപ്പെട്ടിരുന്നു. അന്ന് കുട്ടി കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം.

ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിനുള്ളിൽ അനക്കമില്ലാതെ കിടന്ന രാഹുലിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പട്ടിണി മരണമാണെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കുട്ടിക്ക് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ഭാരക്കുറവും ഉണ്ടായിരുന്നതായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ മുറിവുകളോ ഇല്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണ്ണമായി ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ അറിയിച്ചു.

പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഗർഭിണിയായിരുന്ന താരയെ ആശാ പ്രവർത്തകർ ഇടപെട്ട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും തുടർന്ന് ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതും. അമ്മ ആശുപത്രിയിലായതോടെ രാഹുൽ പിതാവിനൊപ്പമായിരുന്നു എങ്കിലും കുഞ്ഞിന്റെ സംരക്ഷണത്തിൽ ഇയാൾ ശ്രദ്ധ പുലർത്തിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. മഴക്കെടുതിയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ മുൻപ് വാർത്തയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് ഇവരെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചെങ്കിലും അവിടെ തുടരാൻ കൂട്ടാക്കാതെ സി.ഡബ്ല്യു.സിയുടെ അനുമതിയോടെ വലിയകുളങ്ങരയിലെ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്. അതേസമയം, മൂന്ന് മുതൽ പതിനൊന്ന് വയസ്സ് വരെ പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം കാർത്തികപ്പള്ളി വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടിൽ സംസ്കരിച്ചു.