കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഔദ്യോഗിക പദവിയിലിരിക്കെ ബിനാമി ഇടപാടുകളിലൂടെ അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും നടത്തിയെന്ന ആരോപണത്തിലാണ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ പരിശോധിച്ചേക്കും.
ടെൻഡറില്ലാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്തിന്റെ കോടിക്കണക്കിന് രൂപയുടെ നിർമാണക്കരാറുകൾ നൽകിയെന്നാണ് പ്രധാന ആക്ഷേപം. ഈ ബിനാമി കമ്പനിയുടെ പേരിൽ ദിവ്യയും ഭർത്താവും വഴിവിട്ട് സ്വത്തുക്കൾ സമ്പാദിച്ചതായി ആരോപിക്കപ്പെടുന്നു. സിപിഐഎം വിട്ട് സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ ദിവ്യ തീരുമാനമെടുത്തി നിൽക്കെയാണ് ഈ വിജിലൻസ് അന്വേഷണം വന്നിരിക്കുന്നത്. 25 കോടി രൂപയുടെ കരാറുകളാണ് കമ്പനിക്ക് അനധികൃതമായി നൽകിയതെന്ന് പരാതിയിൽ പറയുന്നു.
ഇതിലൂടെ വൻതോതിൽ വസ്തുവകകൾ സമ്പാദിച്ചെന്നും, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ദിവ്യയുടെ ബന്ധുക്കളും അന്വേഷണ പരിധിയിൽ വരുമെന്നും വിവരമുണ്ട്. 2025 ഫെബ്രുവരിയിലാണ് ഷമ്മാസ് ഇതുസംബന്ധിച്ച് ആദ്യ പരാതി നൽകിയത്. മുൻപ് എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പി.പി. ദിവ്യ വാർത്തകളിൽ നിറഞ്ഞത്. ദിവ്യയുടെ ഭർത്താവും കാർട്ടൺ ഇന്ത്യയുടെ ആളുകളും ചേർന്ന് ഒരേയിടത്ത് ഭൂമി വാങ്ങിക്കൂട്ടിയതായും നേരത്തെ ആരോപണമുയർന്നിരുന്നു. പാർട്ടി വിടുന്നു എന്ന് സൂചന നൽകി കഴിഞ്ഞ ദിവസമാണ് ദിവ്യ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.




