പുതിയ ജെയിംസ് ബോണ്ടിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കുമെന്ന് റിപ്പോർട്ട്. അവസാന റൗണ്ടിലെത്തിയ നാല് നടന്മാർ പങ്കെടുക്കുന്ന ഓഡിഷൻ ഇന്ന് ആരംഭിക്കും. അടുത്ത ചിത്രം ഔദ്യോഗിക ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ സിനിമയായിരിക്കും.
ജെയിംസ് ബോണ്ടിന്റെ പുതിയ മുഖമാകാൻ മത്സരിക്കുന്നത് ബ്രിട്ടീഷ് നടന്മാരായ ജാക്ക് ലോഡൻ, കാലം ടേണർ, ജോഷ് ഓ കോണർ എന്നിവരാണെന്നാണ് സൂചന. അവസാനഘട്ട സ്ക്രീൻ ടെസ്റ്റുകൾ ഇന്ന് മുതൽ ലണ്ടനിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ടിവിയുടെ സ്പൈ ത്രില്ലർ സീരീസായ ‘സ്ലോ ഹോഴ്സസി’ലെ റിവർ കാർട്ട്റൈറ്റ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജാക്ക് ലോഡൻ. സ്കോട്ടിഷ് താരമായ ലോഡൻ പുതിയ ‘ഡബിൾ ഓ സെവൻ’ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ‘സ്ലോ ഹൗസി’ൽ നിന്ന് സൂപ്പർ സ്പൈ ആകുന്നു എന്ന കൗതുകവുമുണ്ടാകും. ‘ഫന്റാസ്റ്റിക് ബീസ്റ്റ്സ്’ സിനിമകളിൽ തീസിയസ് സ്കാമാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കാലം ടേണർ.
നെറ്റ്ഫ്ലിക്സ് സീരീസായ ‘ദ ക്രൗണി’ൽ ചാൾസ് രാജകുമാരനെ അവതരിപ്പിച്ചാണ് ജോഷ് ഒകോണർ ശ്രദ്ധേയനായത്. നാലാമതൊരു നടൻ കൂടി ഈ ഓഡിഷനിൽ പങ്കെടുക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നത്. ബോണ്ട് സിനിമകളിലെ സ്ക്രീൻ ടെസ്റ്റുകൾ വളരെ വിപുലമായ ഒരുക്കങ്ങളോടെയാണ് നടത്താറുള്ളത്. യഥാർത്ഥ സിനിമാ ചിത്രീകരണത്തിന് സമാനമായ സാഹചര്യങ്ങളിലായിരിക്കും താരങ്ങളുടെ പ്രകടനം പരിശോധിക്കുക. എന്നാൽ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ പേരുകൾ ആമസോൺ MGM സ്റ്റുഡിയോസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.




