റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിലായി. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരണപ്പെട്ടാൽ ആ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി കാമുകനുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ കവർച്ച നടത്താനെത്തിയ കള്ളന്മാരാണ് ഭർത്താവിനെ വധിച്ചതെന്നാണ് ഭാര്യ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്.
റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലെ (സിസിഎൽ) ജീവനക്കാരനായ മംഗ്ലേഷ് പാൽ എന്നയാളാണ് ഒക്ടോബർ 18-ന് പുലർച്ചെ വധിക്കപ്പെട്ടത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അക്രമികൾ ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്. നീതു (23) എന്ന സോണാലി കുമാരി കാമുകനായ കൗശിക് കുമാർ നൗനിയയുമായി ചേർന്നാണ് ഈ ക്രൂരമായ കൃത്യം പ്ലാൻ ചെയ്തത്.
കൃത്യത്തിൽ കൗശിക്കിനെ സഹായിക്കാൻ പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും കൂടെയുണ്ടായിരുന്നു. തുടർന്ന് ആരും സംശയിക്കാതിരിക്കാൻ നീതുവിനെ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അജ്ഞാതരായ മോഷണസംഘം കവർച്ചയ്ക്ക ശ്രമിക്കുന്നതിനിടെ ഭാര്യയെ കെട്ടിയിട്ട് സിസിഎൽ ജീവനക്കാരനെ കൊലപ്പെടുത്തിയെന്ന വിവരമാണ് ആദ്യം പോലീസിന് ലഭിച്ചത്.
കേസിന്റെ ഗുരുതാവസ്ഥ കണക്കിലെടുത്ത് ഹസാരിബാഗ് എസ്പിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിജെഐ പരിശോധന നടത്തുകയും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് നിർണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് സംശയാസ്പദമായ രീതിയിൽ കണ്ടവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ വലിയ വൈരുധ്യങ്ങൾ കണ്ടതിനെത്തുടർന്ന് പോലീസ് നീതുവിനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഭർത്താവ് മംഗ്ലേഷിനെ വധിച്ചതിൽ തനിക്ക് പങ്കുണ്ടെന്നും, അദ്ദേഹത്തിന്റെ സിസിഎൽ ജോലി സ്വന്തമാക്കാനും കാമുകനായ കൗശിക്കിനൊപ്പം ജീവിക്കാനും വേണ്ടിയാണ് ഇത് ചെയ്തതെന്നും യുവതി സമ്മതിച്ചു.




