Spotlight

പഹൽഗാം ആക്രമണത്തിലെ അവസാന ഭീകരനെയും വധിച്ച് ഇന്ത്യൻ സേന; കൊല്ലപ്പെട്ടത് പർവേസ് മുഷാറഫിന്റെ സുരക്ഷാഭടന്‍

ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കാളിയായ അവസാന ഭീകരനെയും വധിച്ച് ഇന്ത്യൻ സൈന്യം. മധ്യ കശ്മീരിലെ ബദ്ഗാമിൽ രാത്രി നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കറെ തോയ്ബ (എൽ.ഇ.ടി) ഭീകരൻ ഹാഷിം മൂസയെ (മുഹമ്മദ് ആസിഫ്) സുരക്ഷാ സേന വധിച്ചത്.

പാക് സൈന്യത്തിലെ മുൻ കമാൻഡോയായ ഹാഷിം മൂസ, 2006-നും 2008-നും ഇടയിൽ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ സുരക്ഷാ സംഘത്തിലും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സേവനത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ ലഷ്കറെ തോയ്ബയിൽ ചേർന്നത്. പാകിസ്താൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിൽ (എസ്.എസ്.ജി) ഉൾപ്പെടെ പ്രവർത്തിച്ച അനുഭവസമ്പത്ത് ഇയാൾക്കുണ്ടായിരുന്നു. 23 വർഷത്തോളം പാക് സൈന്യത്തിന്റെ ഭാഗമായിരുന്ന മൂസ 2023 മാർച്ച് 31-ന് 42-ാം വയസ്സിൽ ഹവിൽദാർ റാങ്കിലാണ് വിരമിച്ചത്. എസ്.എസ്.ജിയുടെ നാലാം കമാൻഡോ ഗ്രൂപ്പായ യൽഘാർ ബറ്റാലിയനിൽ അംഗമായിരുന്ന ഇയാൾക്ക് പി.എ- 3106947 എന്ന സൈനിക സർവീസ് നമ്പറുമുണ്ടായിരുന്നു.

സൈനിക സേവനം അവസാനിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് കടന്ന ഹാഷിം മൂസ ജമ്മു കശ്മീരിലെ ലഷ്കർ കമാൻഡറായി പ്രവർത്തിക്കുകയായിരുന്നു. റാവൽപിണ്ടിയിലെ മൊഹല്ല കോഹിസാർ കോളനിയിലായിരുന്നു മൂസയുടെ താമസം. കുടുംബം പാകിസ്താനിലെ അറ്റോക്ക് ജില്ലയിലെ ധോക് മലിയാർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2015-ലാണ് ഭാര്യ അബിദ പർവീണിനും മൂന്ന് പെൺമക്കൾക്കുമൊപ്പം ഇയാൾ റാവൽപിണ്ടിയിലേക്ക് മാറിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്കെതിരെ 2006-ൽ നടന്ന ആക്രമണങ്ങൾ, 2011-12 കാലയളവിൽ ഖുറം ഏജൻസിയിലെ ദൗത്യങ്ങൾ, 2014-15-ൽ വടക്കൻ-തെക്കൻ വസീറിസ്ഥാനിലെ വിന്യാസം എന്നിവയും ഇയാളുടെ സർവീസ് റെക്കോർഡിലുണ്ട്. 2015-16-ൽ ഖൈബർ ഏജൻസിയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനെതിരായ നടപടികളിലും പങ്കാളിയായി. 2009-ൽ സുഡാനിലെ ഐക്യരാഷ്ട്രസഭ സമാധാന ദൗത്യത്തിനായുള്ള പാകിസ്താൻ സംഘത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക സേവനത്തിനിടെ ‘തംഘ-ഇ-ഇസ്തിഖ്ലാൽ’, ‘തംഘ-ഇ-അസ്മ്’ എന്നീ പുരസ്കാരങ്ങളും ഇയാൾക്ക് ലഭിച്ചിരുന്നു.

ഹാഷിം മൂസയുടെ പാക് പൗരത്വ രേഖകൾ സുരക്ഷാ ഏജൻസികൾ കണ്ടെടുത്തിട്ടുണ്ട്. പാകിസ്താന്റെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി 2020 സെപ്റ്റംബർ 12-ന് പുതുക്കി നൽകിയ തിരിച്ചറിയൽ കാർഡ് 2030 വരെ സാധുതയുള്ളതാണ്. ജമ്മു കശ്മീരിലെ പ്രധാന ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് സുരക്ഷാ ഏജൻസികൾ ഉറപ്പിച്ചു. 2023 ഡിസംബറിലെ ‘ഡെറ കി ഗലി’ ആക്രമണം, 2024 ഒക്ടോബറിലെ ഗുൽമാർഗ് ആക്രമണം എന്നിവയിൽ മൂസയ്ക്ക് പങ്കുണ്ടെന്നാണ് വിവരം. 2024 മേയ് 4-ന് പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും മൂസയായിരുന്നു.

ഈ ആക്രമണത്തിൽ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈനിക പരിശീലനവും ഭൂപ്രകൃതിയെക്കുറിച്ചുള്ള പരിചയവും ലഷ്കറെ തോയ്ബയ്ക്ക് വലിയ സഹായമായിരുന്നു.

മൂസയെ വധിച്ച പ്രദേശത്ത് കൂടുതൽ ഭീകരരോ ആയുധങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാൻ സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.