Crime

ആരാണ് ശ്രദ്ധ ദുബെ? സോഷ്യൽ മീഡിയയിലെ ഗ്ലാമർ താരം, ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കുള്ള താമസം, ഇപ്പോൾ കൊലക്കേസ് പ്രതി!

ലക്നൗവിൽ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ 28 കാരനായ ശിവ ശർമ്മ കഴിഞ്ഞയാഴ്ച ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. തന്റെ മകനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ശ്രദ്ധ ദുബെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിസിനസ്സുകാരന്റെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. കൂടാതെ ബന്ധത്തിലിരിക്കെ മകൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെ, അവരുടെ സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന സുഹൃത്ത് എന്നിവരുൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രദ്ധയും സഹോദരിയും ഇപ്പോൾ ഒളിവിലാണ്. ലക്നൗ, സീതാപൂർ, റായ്ബറേലി എന്നിവിടങ്ങളിലെ നാല് സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയതായി ഹസ്ത്ഗഞ്ച് എസ്.എച്ച്.ഒ വിക്രം സിംഗ് പറഞ്ഞു.

ഇവരെ കണ്ടെത്താനായി കോൺടാക്റ്റുകളെക്കുറിച്ചും ഒളിത്താവളങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആവശ്യമെങ്കിൽ ശ്രദ്ധ ദുബെയെ കണ്ടെത്താൻ ഒരു പോലീസ് സംഘം നേപ്പാളിലേക്ക് പോയേക്കാം. ശ്രദ്ധയുടെ പഴയകാല സുഹൃത്തായ റിസ്‌വാൻ, ഇരു സഹോദരിമാരെയും നേപ്പാൾ അതിർത്തിക്കടുത്തുള്ള രൂപൈഡിയയിലേക്ക് ഡ്രൈവ് ചെയ്ത് കൊണ്ടുപോയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവർ രക്ഷപ്പെട്ട വഴികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

ശിവയും ശ്രദ്ധയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം, വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ, മുൻകാല ക്രിമിനൽ കേസുകൾ, ചെയിൻ-ബ്രേസ്‌ലെറ്റ് എന്നിവയുമായി ബന്ധപ്പെട്ട തർക്കം തുടങ്ങിയ നിരവധി കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആരാണ് ശ്രദ്ധ ദുബെ?

മേക്കപ്പ് ആർട്ടിസ്റ്റും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി പിരിഞ്ഞ് ലക്നൗവിലേക്ക് മാറിയതാണ്. ഭർത്താവിനൊപ്പം താമസിക്കുന്ന ഒരു മകനും അവർക്കുണ്ട്. ലക്നൗവിലായിരിക്കുമ്പോൾ ഫാഷൻ, സോഷ്യൽ മീഡിയ രംഗങ്ങളിൽ ശ്രദ്ധ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു.

ഏകദേശം ആറുമാസം മുമ്പാണ് ഒരു ക്ലബിൽ വെച്ച് ശിവ ശർമ്മയും ശ്രദ്ധ ദുബെയും കണ്ടുമുട്ടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശിവ ശ്രദ്ധയുടെ ഫ്ലാറ്റിൽ ഏകദേശം നാല് മാസത്തോളം താമസിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പിതാവിന്റെ ചടങ്ങിനായാണ് ശിവ അവസാനമായി അലിഗഞ്ചിലെ തന്റെ കുടുംബവീട്ടിൽ പോയത്. വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയതോടെ ശ്രദ്ധയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയെന്ന് ശിവയുടെ അമ്മ അവകാശപ്പെടുന്നു. ശിവ ബന്ധത്തിൽ ഗൗരവമുള്ളവനായിരുന്നുവെങ്കിലും ഭാവിയിലും വിവാഹത്തിലും ഇരുവർക്കും ഒരേ കാഴ്ചപ്പാടായിരുന്നില്ല എന്നും അവർ പറഞ്ഞു.

ആഭരണ മോഷണ കേസിൽ ശിവയെ കുടുക്കുമെന്ന് ശ്രദ്ധ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന ഈ ആഭരണങ്ങൾ ഒരു ഉന്നതനാണ് തനിക്ക് സമ്മാനിച്ചതെന്നാണ് ശ്രദ്ധ പറഞ്ഞിരുന്നത്. ആഭരണ തർക്കത്തിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്നും, ശിവയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നോ എന്നും, ഈ സംഭവങ്ങൾക്ക് അദ്ദേഹത്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.