ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ മോഷ്ടാവിന്റെ കൈയിൽ യാത്രക്കാർ പിടിച്ചതോടെ ട്രെയിനില്‍ തൂങ്ങിക്കിടക്കേണ്ടിവന്ന യുവാവ് പ്ലാറ്റ്ഫോമിന്റെ അവസാനമെത്തും മുമ്പ് താഴേയ്ക്ക് വീഴുകയായിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട അപകടസാധ്യതകളിലേക്കാണ് ഈ സംഭവം ശ്രദ്ധ ആകർഷിക്കുന്നത്.
വിൻഡോയ്ക്കരികിൽ ഇരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം . ആരും പ്രതികരിക്കുന്നതിന് മുൻപ് ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാനാണ് അയാൾ കരുതിയത്. എന്നാൽ യാത്രക്കാർ പെട്ടെന്ന് തന്നെ ജനലിലൂടെ അയാളുടെ കൈയിൽ പിടികൂടിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ട്രെയിൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നതിനാൽ യുവാവിന് കൈ വിടാൻ സാധിച്ചില്ല. ട്രെയിനിന്റെ ചലനത്തിനൊപ്പം പ്ലാറ്റ്ഫോമിലൂടെ ഓടാൻ പാടുപെട്ട ഇയാൾ, തന്നെ വെറുതെവിടണമെന്ന് യാത്രക്കാരോട് അപേക്ഷിക്കുകയും ചെയ്തു.
പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗത്തേക്ക് ട്രെയിൻ എത്തിയതോടെ യുവാവിന് പിടിവിട്ടുപോവുകയും അയാൾ താഴە വീഴുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ പിടികൂടി. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ, പരിക്കുകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം, ഇയാൾക്കെതിരെ എടുത്ത നിയമനടപടികൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. റെയിൽവേ സ്റ്റേഷനുകളിലെ മൊബൈൽ ഫോൺ മോഷണങ്ങളെക്കുറിച്ചും അത്തരം സംഭവങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഈ വൈറൽ വീഡിയോ വഴിതുറന്നിരിക്കുന്നത്.




