Crime

പ്രണയത്തെ എതിർത്തു; മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 16-കാരി കൊച്ചുമകളും കാമുകനും, വായില്‍ ബെഡ്ഷീറ്റ് തിരുകി, കഴുത്തില്‍ കുരുക്കിട്ടു

കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പ്രണയബന്ധത്തെ എതിര്‍ത്ത അമ്പത്തഞ്ചുകാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരിയായ കൊച്ചുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ പതിനൊന്നിനാണ് മുത്തശ്ശി മഹാദേവമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഡ്രൈവറുമായ ഇരുപത്തിമൂന്നുകാരന്‍ ആകാശാണ് മുഖ്യപ്രതി. ബന്ധുവായ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആകാശും കൊച്ചുമകളും തമ്മിലുള്ള പ്രണയത്തെ മഹാദേവമ്മ ശക്തമായി എതിര്‍ക്കുകയും ഇതില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന് രാത്രി പതിനൊന്ന് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാദേവമ്മയെ കൊച്ചുമകള്‍ വിളിച്ചുണര്‍ത്തുകയും തുടര്‍ന്ന് ആകാശ് ആക്രമിക്കുകയുമായിരുന്നു. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ ബെഡ്ഷീറ്റ് തിരുകിക്കയറ്റി.

പിന്നീട് മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ആകാശ് ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി സ്വന്തം ഷോള്‍ എടുത്തുനല്‍കി. ഷോള്‍ കീറിപ്പോയതോടെ പെണ്‍കുട്ടി കയര്‍ എടുത്തുനല്‍കുകയും, അത് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആദ്യം സ്വാഭാവിക മരണമെന്നാണ് ബന്ധുക്കള്‍ കരുതിയതെങ്കിലും കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഒളിവില്‍പ്പോയ ആകാശിനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.