സോനിപത്ത്: പേരും മതവും മറച്ചുവെച്ച് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിന്റെ വലയിൽ വീണ് വഞ്ചിക്കപ്പെട്ടതായി ഹരിയാന സ്വദേശിനിയുടെ പരാതി. ആറുമാസത്തെ ദാമ്പത്യത്തിന് ശേഷമാണ് താൻ വിവാഹം കഴിച്ചത് ‘ജോണി’ എന്ന ഹിന്ദു യുവാവിനെയല്ല, മറിച്ച് ‘ജാവേദ് ഖാൻ’ എന്ന മുസ്ലിം യുവാവിനെയാണെന്ന് ഹരിയാന സ്വദേശിനിയായ മമത (യഥാർത്ഥ പേരല്ല) തിരിച്ചറിഞ്ഞത്. ഭർത്താവും കുടുംബവും ഒളിവിൽ പോയതിനെ തുടർന്ന് യുവതി സോനിപത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട യുവാവ് ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് പ്രണയത്തിലാകുകയും, പിന്നീട് ഹൈന്ദവാചാരപ്രകാരം യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷം ഭർത്താവിന്റെ ബാഗിൽ കണ്ട ആധാർ കാർഡാണ് സത്യം പുറത്തുകൊണ്ടുവന്നത്. ആധാർ കാർഡിൽ ഭർത്താവിന്റെ പേര് ജാവേദ് ഖാൻ എന്നായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങളെല്ലാം വ്യാജമാണെന്നും താൻ മുൻപ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന് അയാൾ സമ്മതിച്ചു. തൊട്ടുപിന്നാലെ ജാവേദിന്റെ ആദ്യഭാര്യ വീട്ടിലെത്തുകയും തർക്കത്തിനൊടുവിൽ ഇയാളെ കൂടെ കൊണ്ടുപോകുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ജാവേദ്, മമതയ്ക്കൊപ്പം ജീവിക്കാൻ കുടുംബം സമ്മതിക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും യുവതി ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. തുടർന്ന് ഇരുവരും യുപിയിലെ ബുഥനയിലേക്ക് താമസം മാറ്റുകയും അവിടെവെച്ച് അവർക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് സോനിപത്തിൽ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് ജാവേദും കുടുംബവും തന്നോട് മതംമാറാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു.
ഒരാഴ്ച മുൻപ് ജാവേദും കുടുംബവും ഒളിവിൽ പോയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ആൾമാറാട്ടം, ഗാർഹിക പീഡനം, ബലാത്സംഗം, നിർബന്ധിത മതംമാറ്റ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. സംഭവം പുറത്തുവന്നതോടെ ഹിന്ദുരക്ഷാസേനയും യുവതിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ യുവതിയുടെ ആരോപണങ്ങൾ നിലവിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.




