Featured Sports

കടം വാങ്ങിയ ബാറ്റിൽ പ്രിൻസിന്റെ വെടിക്കെട്ട്, പുറത്താകാതെ നേടിയ ആ 13 റണ്ണിന്റെ വിലയറിയാമോ?

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറുകളിൽ പേസർ പ്രിൻസ് യാദവ് നേടിയ നിർണായക റൺസാണ്. ആറു പന്തില്‍ പ്രിന്‍സ്‌ പുറത്താകാതെ നേടിയ 13 റണ്ണിന്റെ വില എന്താണെന്ന്‌ വിജയമാര്‍ജിന്‍ പരിശോധിച്ചാല്‍ വ്യക്‌തം. 14 റണ്ണിനായിരുന്നു ഇന്‍ഡോറില്‍ ഇന്ത്യയുടെ ജയം. പ്രിൻസിന്റെ ഈ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു.

ബാറ്റിംഗിൽ തിളങ്ങാൻ സഹായിച്ച ആ ബാറ്റിന് പിന്നിലെ കഥ മത്സരശേഷം പ്രിൻസ് പങ്കുവെച്ചു. വിൻഡീസ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റ് അഭിഷേക് ശർമയുടേതായിരുന്നു. ഷമാർ ജോസഫ് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് ഫോറുകൾ അടിച്ച് പ്രിൻസ് ഇന്ത്യൻ സ്കോർ 20 ഓവറിൽ 223-ൽ എത്തിച്ചു. ക്രീസിലേക്ക് ഇറങ്ങുന്നതിന് മുൻപ് തമാശ നിറഞ്ഞ മുന്നറിയിപ്പോടെയാണ് അഭിഷേക് ബാറ്റ് നൽകിയതെന്നും താരം വെളിപ്പെടുത്തി.

ബാറ്റിന്റെ പേര് കളയരുതെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് അഭിഷേക് അത് തന്നതെന്നും, ആ വാക്കുകളോടും ബാറ്റിനോടും നീതി പുലർത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ബി.സി.സി.ഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രിൻസ് പറഞ്ഞു. മുൻപ് അയർലൻഡ് പര്യടനത്തിലും അഭിഷേകിന്റെ ബാറ്റ് ഉപയോഗിച്ച് സിക്സ് അടിച്ചത് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും, വരും മത്സരങ്ങളിലും ബാറ്റ് നൽകി സഹായിക്കണമെന്ന് പ്രിൻസ് കൂട്ടിച്ചേർത്തു.

പ്രിൻസിന്റെ ബാറ്റിംഗ് മികവ് വരും മത്സരങ്ങളിൽ ആരാധകർക്ക് കൂടുതൽ കാണാനാകുമെന്ന് അഭിഷേക് ശർമ പറഞ്ഞു. റൺസ് വേഗത്തിൽ കണ്ടെത്താനും അതിർത്തികൾ കടത്താനും ശേഷിയുള്ള ഒരു പേസർ ടീമിന് എപ്പോഴും വലിയ മുതൽക്കൂട്ടാണ്. മത്സരത്തിൽ 5 സിക്സും 6 ഫോറുമടക്കം 30 പന്തിൽ 69 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായതും അഭിഷേക് ശർമയായിരുന്നു.