Crime

മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിന്‍വലിച്ചില്ല; പ്രതികള്‍ പിതാവിനെ കൊന്നു കെട്ടിത്തൂക്കി ! ആത്മഹത്യയാക്കാൻ ശ്രമം

ജയ്പൂരിൽ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനെ തുടർന്ന് പിതാവിനെ പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പരാതി. 58-കാരനായ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയിൽ വീടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജയ്പൂരിലെ കൽവാറിൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. കേസിൽ ആദ്യം ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ പുതിയ പരാതിയെ തുടർന്ന് ഇപ്പോൾ കൊലപാതക കുറ്റത്തിന് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂണിൽ മകളെ തട്ടിക്കൊണ്ടുപോയി മുഖ്യപ്രതിയും മറ്റ് മൂന്ന് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് മരിച്ചയാളുടെ ഭാര്യയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി തിരിച്ചെത്തിയതിനെ തുടർന്ന് മൊഴി രേഖപ്പെടുത്തുകയും നാല് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കേസ് രജിസ്റ്റർ ചെയ്തതോടെ കുടുംബത്തിന് നേരെ പ്രതികളുടെ ഭാഗത്തുനിന്ന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ പിതാവിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷം നാലുപേരും ചേർന്ന് പിതാവിനെ കൊലപ്പെടുത്തുകയും, ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ പുതിയ പരാതിയുടെ വെളിച്ചത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.