Oddly News

എടാ കുട്ടി മീശക്കാരാ…. ജനിച്ചപ്പോൾത്തന്നെ കട്ടിമീശയും താടിയും! കൗതുകത്തോടെ ശാസ്ത്രലോകം, ഇത് AI പണിയോ?

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരീരത്തിൽ വൻതോതിൽ രോമങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. മൃദുവായ ഈ രോമങ്ങൾ കാലക്രമേണ പൊഴിഞ്ഞുപോകുകയാണ് പതിവ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കട്ടി മീശയോടെ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നത്. ദക്ഷിണമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. മീശയ്ക്ക് പുറമേ ചുണ്ടിന് താഴെ ‘ഗോട്ടി’ സ്റ്റൈലിലുള്ള താടിയും ഈ കുഞ്ഞിനുണ്ട്.

കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിരിയോടെയും തമാശയോടെയും അത്ഭുതത്തോടെയുമാണ് ആളുകൾ ഇതിനോട് പ്രതികരിക്കുന്നത്. ‘ഇത്രയും കട്ടിയുള്ള മീശയോടെ ഒരു കുഞ്ഞിനെ ആദ്യമായാണ് കാണുന്നത്’, ‘ജനിച്ചപ്പോൾ തന്നെ റിട്ടയർ ചെയ്ത വ്യക്തിയെപ്പോലെയുണ്ട്’, ‘സാധാരണ കുഞ്ഞുങ്ങൾ കരഞ്ഞാണ് ജനിക്കാറുള്ളതെങ്കിലും ഈ കുഞ്ഞിനെ കണ്ടാൽ മിഡ് ലൈഫ് ക്രൈസിസിൽ ജീവിക്കുന്ന ഒരു മധ്യവയസ്കനെപ്പോലെയുണ്ട്’ എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

ജനിക്കുന്ന ഉടൻ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ കട്ടി മീശയുണ്ടാകുന്നത് സാധാരണയായി കണ്ടുവരാറില്ലെങ്കിലും ഇത് സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയുടെ ഭാഗമാണ്. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ വളരുന്ന മൃദുവായ രോമങ്ങളെ ‘ലാനുഗോ’ (Lanugo) എന്നാണ് വിളിക്കുന്നത്. ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിൽനിന്ന് കുഞ്ഞിന്റെ ചർമ്മത്തെ സംരക്ഷിക്കാനും ശരീര താപനില ക്രമീകരിച്ചു നിർത്താനുമാണ് ഇത്തരം രോമങ്ങൾ വളരുന്നത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഏറെ കട്ടിയുള്ള രോമങ്ങൾ കുഞ്ഞിനുണ്ടെന്നതാണ് എല്ലാവരിലും കൗതുകമുണർത്തുന്നത്.