മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 21-കാരനായ പരിസ്ഥിതി പ്രവർത്തകനാണ് ബിട്ടു തബാഹി എന്ന സുരേന്ദ്ര സിംഗ് ചൗധരി. തന്റെ ഗ്രാമത്തിലെ മലിനമായ നദിയുടെ ദയനീയാവസ്ഥ കണ്ട് അധികൃതർക്കായി കാത്തുനിൽക്കാതെ 2026 ജനുവരി മുതൽ സ്വന്തം കൈകൾ കൊണ്ട് ബിട്ടു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. തന്റെ ശുചീകരണ വീഡിയോകൾ പങ്കുവെച്ചതോടെ ബിട്ടുവിന് മികച്ച പിന്തുണയാണ് സെലിബ്രിറ്റികൾ അടക്കം പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്.
എന്നാൽ താൻ പുഴ വൃത്തിയാക്കൽ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിട്ടു. പലതവണ വൃത്തിയാക്കിയിട്ടും ആളുകൾ മുൻപത്തേക്കാൾ ഇരട്ടി മാലിന്യം പുഴയിൽ തുടർച്ചയായി ഇടുന്നത് മനംമടുപ്പിച്ചെന്ന് ബിട്ടു തുറന്നുപറഞ്ഞു. ഇനി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ഇനിയൊരിക്കലും ഈ നദി വൃത്തിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്നും ബിട്ടു വ്യക്തമാക്കി.
നീന്തൽ പോലും അറിയാത്ത ബിട്ടു, യാതൊരുവിധ ആധുനിക യന്ത്രസാമഗ്രികളുടെയും സഹായമില്ലാതെ വെറുംകൈ കൊണ്ടാണ് നദിയിലെ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും നീക്കം ചെയ്തത്. നദി വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകളെ അഭിമുഖീകരിക്കേണ്ടി വരികയും, മലിനജലം കാരണം കൈകാലുകളിൽ കടുത്ത അണുബാധ ഉണ്ടാകുകയും ചെയ്തിരുന്നു. നാട്ടുകാരിൽ പലരും ഇദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.
ബിട്ടു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച നദിയുടെ ‘ബിഫോർ ആൻഡ് ആഫ്റ്റർ’ ദൃശ്യങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ (The Ocean Cleanup) സി.ഇ.ഒ ബോയൻ സ്ലാറ്റ് ഇദ്ദേഹത്തിന്റെ കഠിനാധ്വാനം കണ്ട് തങ്ങളോടൊപ്പം ജോലി ചെയ്യാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. ആനന്ദ് മഹിന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖരും ബിട്ടുവിനെ പ്രശംസിച്ചിട്ടുണ്ട്.




