Oddly News

ശാസ്ത്രജ്ഞർ പറഞ്ഞു, അടിവസ്ത്രം മണ്ണിൽ കുഴിച്ചിട്ട് കര്‍ഷകര്‍; പിന്നിലെ കൗതുകകരമായ കാരണമറിയണ്ടേ? അപൂർവ്വ ശാസ്ത്ര പരീക്ഷണം

സ്വിറ്റ്‌സർലൻഡിലെ ശാസ്ത്രജ്ഞർ രാജ്യത്തെ കർഷകരോടും തോട്ടമുടമകളോടും തങ്ങളുടെ പറമ്പുകളിൽ കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചിടാൻ ആവശ്യപ്പെട്ട് മുൻപ് വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരുന്നു. ‘സോയിൽ യുവർ അണ്ടീസ്’ (Soil Your Undies) എന്ന പേരിലാണ് ഈ അപൂർവ്വ പരീക്ഷണം അറിയപ്പെട്ടത്.

മണ്ണിന്റെ ആരോഗ്യവും അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനശേഷിയും അളക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ശുദ്ധമായ കോട്ടൺ വസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചുമൂടി രണ്ട് മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. മണ്ണിലുള്ള ഫംഗസുകളും ബാക്ടീരിയകളും ചേർന്ന് തുണി എത്രത്തോളം ദ്രവിപ്പിച്ചു എന്ന് നോക്കിയാണ് മണ്ണിന്റെ ഗുണനിലവാരം വിലയിരുത്തുന്നത്.

കുഴിച്ചിട്ട അടിവസ്ത്രം വേഗത്തിൽ ദ്രവിച്ച് നശിക്കുകയാണെങ്കിൽ, ആ മണ്ണിൽ വൻതോതിൽ ജീവകങ്ങളും സജീവമായ സൂക്ഷ്മജീവികളും ഉണ്ടെന്ന് മനസിലാക്കാം. ഇത്തരം മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷവും തുണിയിൽ മാറ്റമൊന്നുമില്ലെങ്കിൽ ആ മണ്ണ് ഫലഭൂയിഷ്ഠമല്ലെന്നും ജീവാംശം കുറവാണെന്നുമാണ് കണക്കാക്കുന്നത്.

എന്തായാലും, ശാസ്ത്രലോകത്തിന്റെ ഈ വേറിട്ട പരീക്ഷണ രീതി വളരെ പെട്ടെന്ന് തന്നെ വൻ ജനശ്രദ്ധ നേടിയിരുന്നു. ലളിതവും പണച്ചെലവില്ലാത്തതുമായ ഈ വഴിയിലൂടെ സാധാരണക്കാർക്കും സ്വന്തം പറമ്പിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത എളുപ്പത്തിൽ അളക്കാൻ സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞു.