തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐ – സി.പി.എം തർക്കം രൂക്ഷമായതോടെ ആ പദവി തൽക്കാലം ആർക്കും നൽകേണ്ടതില്ലെന്ന സമവായ നിർദേശവുമായി സി.പി.എം ദേശീയനേതൃത്വം രംഗത്തെത്തി. മുന്നണിയിൽ ഭിന്നത ശക്തമാകുന്നതും പരസ്യമായ വാക്പോരിലേക്ക് കടക്കുന്നതും ഒഴിവാക്കാനാണ് ഈ നീക്കം. എന്നാൽ ഉപനേതൃപദവി ഒഴിച്ചിടാനുള്ള ഈ നിർദേശത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, പദവിക്കായുള്ള അവകാശവാദത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി.
നിലവിൽ ആരും ഈ പദവിക്ക് അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് ഇരു പാർട്ടികളും എത്തുന്നതായാണ് സൂചനകൾ. മുൻപ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണന് നൽകിയിരുന്ന ഉപനേതൃപദവി ഇത്തവണ തങ്ങൾക്ക് വേണമെന്നായിരുന്നു സി.പി.ഐയുടെ പ്രധാന ആവശ്യം. എല്ലാ പ്രധാന സ്ഥാനങ്ങളും സി.പി.എം കൈവശം വെക്കാതെ ഘടകകക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സി.പി.ഐ വാദിച്ചു.
പദവി വിട്ടുനൽകാൻ സി.പി.എം തയ്യാറാകാതിരുന്നതാണ് വിഷയം തർക്കത്തിലേക്ക് നയിച്ചത്. സി.പി.എം ഏകപക്ഷീയമായി ഉപനേതാവിനെ പ്രഖ്യാപിച്ചാൽ മുന്നണി ബന്ധം കൂടുതൽ വഷളാകുമെന്ന് വിലയിരുത്തിയാണ് സ്ഥാനം തന്നെ ഒഴിവാക്കാനുള്ള ഫോർമുല ദേശീയനേതൃത്വം മുന്നോട്ടുവെച്ചത്. ഭിന്നത രൂക്ഷമാകുന്നത് മുന്നണിയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്നതിനാൽ, ഐക്യം നിലനിർത്താൻ തൽക്കാലം തർക്കം ഒഴിവാക്കുകയാണ് ലക്ഷ്യം.
അതേസമയം, ഉപനേതൃപദവി വിവാദത്തിൽ സി.പി.ഐയ്ക്കുള്ളിലും അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നു. പാർട്ടിയിൽ കൃത്യമായ കൂടിയാലോചനകൾ നടത്താതെയാണ് നിലപാടെടുത്തതെന്ന് സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനമുയർന്നു. തിരുത്തൽ ശക്തിയാകേണ്ട പാർട്ടിയുടെ ഈ തീരുമാനം തിരിച്ചടിയായെന്നും, നേതാക്കളുമായി ചർച്ച ചെയ്യാതെയാണ് സെക്രട്ടറി തീരുമാനം മാധ്യമങ്ങളെ അറിയിച്ചതെന്നും ആരോപണമുണ്ട്. എൽ.ഡി.എഫിൽ കേട്ടുകേൾവിയില്ലാത്ത വിധം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണം നടത്തിയത് മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന ധാരണ പരത്താൻ ഇടയാക്കി. പക്വതയില്ലാത്ത ഇത്തരം പ്രതികരണങ്ങൾ തുടരുന്നത് പിണറായി വിജയന് ഗുണം ചെയ്യുമെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.




