ഹരിയാനയിലും ചണ്ഡിഗഡിലുമായി നടന്ന 657 കോടി രൂപയുടെ ഐഡിഎഫ്സി ബാങ്ക് തട്ടിപ്പിന് പിന്നിൽ ബാങ്കിലെ മുൻ മാനേജർ റിഭവ് റിഷിയുടെ പ്രണയബന്ധമാണെന്ന് സിബിഐ കണ്ടെത്തൽ. 2025 ഏപ്രിലിൽ ചണ്ഡിഗഡിൽ നടന്ന ഒരു നൃത്തപരിപാടിയാണ് ഈ വൻ തട്ടിപ്പിന്റെ തുടക്കമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ സർക്കാർ വകുപ്പുകളിൽ ചെലവഴിക്കേണ്ട തുക റിഭവ് റിഷിയും സംഘവും തട്ടിയെടുക്കുകയായിരുന്നു. സ്കൂൾ എജ്യുക്കേഷൻ, കൃഷി വകുപ്പുകളിൽ നിന്നാണ് കൂടുതൽ പണവും അപഹരിച്ചത്. അക്കൗണ്ട്സ് വിഭാഗത്തിന്റെ സഹായവും റിഷിക്ക് ഇതിനായി ലഭിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
‘എസ്ആർആർ പ്ലാനിങ് ഗുരൂസ്’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിലായിരുന്നു റിഷിയുടെ നേതൃത്വത്തിലുള്ള പൊതുഫണ്ട് കൊള്ളയടിക്കലും ആഡംബര ജീവിതവും. വൻകിട ഡാൻസ് പാര്ട്ടികളും പണവും നൽകിയാണ് റിഷി സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതെന്നും പങ്കജ് അഗർവാൾ ഐഎഎസ് ആണ് ഇതിന് ആവശ്യമായ സഹായങ്ങൾ നൽകിയതെന്നും റിഷിയുടെ പങ്കാളിയായ നർത്തകി സിബിഐക്ക് മൊഴി നൽകി.
ബിഹാർ സ്വദേശിയായ നർത്തകിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ബാങ്ക് തട്ടിപ്പിന് പിന്നിലെ പ്രണയകഥ പുറത്തുവന്നത്. ഡാൻസ് പ്രോഗ്രാമിനിടെ കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ജയ്പൂരിലെ ഒരു ഫാം ഹൗസിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയ ശേഷമാണ് സൗഹൃദം വളർന്നത്. 2025 ജൂലൈയിൽ മുംബൈയിലെ സെന്റ് റഗിസിൽ വെച്ച് റിഷി പ്രണയാഭ്യർഥന നടത്തി. ഇവന്റ് പ്ലാനറെന്നും അരി ബിസിനസുകാരനെന്നും ഐഡിഎഫ്സി ബാങ്ക് മാനേജറെന്നുമാണ് റിഷി സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.
തന്നെയോ കുടുംബത്തെയോ നന്നായി നോക്കാമെന്നും ഭാര്യയെ ഉപേക്ഷിച്ച് ഒന്നിച്ച് ജീവിക്കാമെന്നും റിഷി ഉറപ്പുനൽകി. തുടർന്ന് ദ്വാരകയിലെ വീടിന് അഡ്വാൻസ് തുകയായി റിഷി ഒരു ലക്ഷം രൂപ നൽകി. വീട് വാങ്ങിയ ഇനത്തിൽ 3.10 കോടി രൂപ കൈമാറിയതിൽ വലിയൊരു ഭാഗവും റിഷിയുടേതായിരുന്നു. 2026 ജനുവരി മുതൽ യുവതി ഈ വീട്ടിലാണ് താമസിക്കുന്നത്. നൃത്തപരിപാടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട റിഷി പകരം പ്രതിമാസം 10 ലക്ഷം രൂപ വീതം നൽകി വരികയായിരുന്നു. ഇതുവരെ 56 ലക്ഷം രൂപ ഇത്തരത്തിൽ ലഭിച്ചതായും യുവതി സിബിഐയോട് പറഞ്ഞു.
റിഷിയോടൊപ്പം ദുബായിലേക്ക് യാത്ര നടത്തിയെന്നും എയർപോർട്ടിനടുത്തുള്ള ആഡംബര വില്ലയിൽ താമസിച്ച ശേഷം അഞ്ച് വർഷത്തിനുള്ളിൽ അവിടെ സ്ഥിരതാമസമാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും യുവതി പറഞ്ഞു. 2026 ജനുവരിയിലെ ദുബായ് സന്ദർശനവേളയിൽ റിഷി അവിടെ ഒരു ആഡംബര കാർ ബുക്ക് ചെയ്തിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഹരിയാന സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്ത പാർട്ടിയിൽ വിതറാൻ വൻതോതിൽ പണം എത്തിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. യുഎഇയിൽ സ്ഥിരതാമസമാക്കിയ നിതിൻ ആനന്ദ് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ഓരോ പാർട്ടിക്ക് പിന്നിലും 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവഴിച്ചിരുന്നു. പൊതുഫണ്ടിൽ നിന്ന് തട്ടിയെടുത്ത പണം അഭയ് കുമാർ, നരേഷ് കുമാർ ഭുവനി, അഭിഷേക് സിംഗ്ല, അരുൺ ശർമ, അങ്കുർ ശർമ, പങ്കജ് അഗർവാൾ ഐഎഎസ് എന്നിവരുമായി റിഷി വീതിച്ചെടുക്കുകയായിരുന്നു.
അന്വേഷണത്തിൽ ആഡംബര ഫോൺ പിടിച്ചെടുത്ത സിബിഐ, റിഷിയുടെ അക്കൗണ്ടിലേക്കും ഭാര്യ ദിവ്യ അറോറയുടെ അക്കൗണ്ടിലേക്കും കോടിക്കണക്കിന് രൂപ എത്തിയതായി കണ്ടെത്തി. സർക്കാരിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മാത്രം 187 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇതിൽ 60.54 കോടിയിലേറെ രൂപ ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗർവാളിന് ലഭിച്ചതായും സിബിഐ കണ്ടെത്തുകയുണ്ടായി. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.




