Spotlight

വിമാനത്താവളത്തില്‍ വിദ്യാ ബാലന്റെ സ്നേഹചുംബനം’! യാത്രയാക്കി ഭര്‍ത്താവ്, വൈറൽ വീഡിയോ

ബോളിവുഡ് താരം വിദ്യാ ബാലനും ഭർത്താവും നിർമാതാവുമായ സിദ്ധാർഥ് റോയ് കപൂറും തമ്മിലുള്ള സ്നേഹനിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് കടക്കുന്ന വിദ്യയെ സിദ്ധാർഥ് ചുംബിച്ച് യാത്രയാക്കുന്നതാണ് രംഗം. ക്യാമറകൾക്ക് മുന്നിൽ അപൂർവ്വമായി മാത്രം പ്രണയം പ്രകടിപ്പിക്കാറുള്ള ഇവരുടെ ഈ ദൃശ്യങ്ങൾ ആരാധകർ വളരെ വേഗത്തിലാണ് ഏറ്റെടുത്തത്.

സ്വകാര്യജീവിതം എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും. വീഡിയോ പുറത്തുവന്നതോടെ ഇരുവർക്കും ഇടയിലുള്ള മനോഹരമായ ആത്മബന്ധത്തെ പുകഴ്ത്തി നിരവധി ആരാധകർ രംഗത്തെത്തി. പതിനാല് വർഷത്തോളമായി തുടരുന്ന ഇവരുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം പരസ്പരമുള്ള സ്നേഹവും ബഹുമാനവുമാണെന്ന് ആരാധകർ കമന്റുകളിലൂടെ വ്യക്തമാക്കുന്നു.

നീണ്ടനാളത്തെ പ്രണയത്തിന് ശേഷം 2012 ഡിസംബർ 14-നാണ് ഇരുവരും വിവാഹിതരായത്. കരൺ ജോഹറിന്റെ ഒരു പാർട്ടിയിൽ വെച്ചാണ് സിദ്ധാർഥിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് വിദ്യ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. റോയ് കപൂർ ഫിലിംസിന്റെ മാനേജിങ് ഡയറക്ടറായ സിദ്ധാർഥ് വാൾട്ട് ഡിസ്നി ഇന്ത്യയുടെ എം.ഡി ആയും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈ എക്സ്പ്രസ്, ദംഗൽ, ബർഫി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ നിർമാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.

രജനികാന്ത് നായകനാകുന്ന ജയിലർ 2 ആണ് വിദ്യയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രമ്യാകൃഷ്ണൻ, യോഗി ബാബു, മിർന തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം നെൽസൺ ആണ് സംവിധാനം ചെയ്യുന്നത്. മോഹൻലാൽ, വിജയ് സേതുപതി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അതിഥിവേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തും.