Sports

മഴ മത്സരങ്ങള്‍ മുടങ്ങി, ജപ്പാനിൽ കാമുകിയുമൊത്ത് കറങ്ങി അർഷ്ദീപ്; വിമർശനമഴ!

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് വിവാദത്തില്‍. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രധാന്യമുള്ള ടൂർണമെന്റുകളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാലാണ് ചിത്രം വൈറലായതോടെ താരത്തിനെതിരെ ആരാധകരുടെ രോഷം ഉയർന്നത്.

ഏഷ്യൻ ഗെയിംസ് സംഘാടകർ ഒരുക്കിയ താമസ സൗകര്യങ്ങൾക്ക് പകരം പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ജപ്പാനിൽ കഴിയുന്നത്. ബിസിസിഐ സ്വന്തം ചെലവിലാണ് താരങ്ങൾക്ക് ഉയർന്ന നിലവാരമുള്ള താമസം ഉറപ്പാക്കിയത്. മറ്റു കായികയിനങ്ങളിലെ ഇന്ത്യൻ അത്‍ലീറ്റുകൾ കണ്ടെയ്നർ മുറികളിലും കപ്പലിലെ ഇടുങ്ങിയ സൗകര്യങ്ങളിലും കഴിയുമ്പോഴാണ് ക്രിക്കറ്റ് താരങ്ങൾക്ക് മാത്രം ഇത്തരത്തിൽ പ്രത്യേക സൗകര്യങ്ങൾ ലഭിച്ചത്.

ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ടീമിന്റെ യാത്രകളും ഡ്രസിങ് റൂം ദൃശ്യങ്ങളും റീലുകളായി പങ്കുവെച്ചതിന് അർ‍ഷ്ദീപിന് ബിസിസിഐ മുൻപും മുന്നറിയിപ്പു നൽകിയിരുന്നു. സമ്രീൻ കൗറും ജപ്പാനിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വൻ ജനപ്രീതിയുള്ള അർഷ്ദീപിന് ഇൻസ്റ്റഗ്രാമിൽ 5.9 മില്യൻ ആളുകളും സമ്രീന് 4.5 മില്യൻ പിൻതുടർച്ചക്കാരുമുണ്ട്.

കനത്ത മഴയെ തുടർന്ന് ടോസ് പോലും ചെയ്യാനാകാതെയാണ് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ മത്സരം ഉപേക്ഷിച്ചത്. ദിവസം മുഴുവൻ മഴ മുന്നറിയിപ്പുള്ളതിനാൽ അധികം വൈകാതെ തന്നെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നിഷിൻ കൊറോഗി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ– ഹോങ്കോങ് ക്വാർട്ടറും മഴമൂലം ഉപേക്ഷിച്ചു. തുടർന്ന് ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സെമിഫൈനലിലെത്തി. ഒക്ടോബർ 1-ന് നടക്കുന്ന സെമിയിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.

ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രമുഖരുണ്ട്. ഏഷ്യൻ ഗെയിംസിൽ നേരിട്ട് ക്വാർട്ടറിലെത്തിയ ടീമുകളിൽ ഇന്ത്യയും ബംഗ്ലദേശും മാത്രമാണ് ശക്തമായ ഒന്നാംനിര ടീമിനെ ടൂർണമെന്റിലേക്ക് അയച്ചിരിക്കുന്നത്.