Crime

“നീ നന്നായി സമ്പാദിക്കുന്നുണ്ടല്ലോ? പിന്നെന്താ എനിക്കൊരു SUV വാങ്ങിത്തന്നാൽ?’ഭാര്യയെ ക്രൂരമായി മർദിച്ച് യുവാവ്– വിഡിയോ

ലുധിയാന: വിവാഹശേഷം ആഡംബര കാറും ബൈക്കും വാങ്ങി നൽകിയില്ലെന്ന പേരിൽ ഭാര്യയെ യുവാവ് ക്രൂരമായി മർദിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ഒക്ടോബർ 21-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിന് ഇരയായ ട്വിങ്കിൾ എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് റിതീഷ് ശർമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മർദനത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു ട്വിങ്കിളും റിതീഷും തമ്മിലുള്ള വിവാഹം. ട്വിങ്കിളിന്റെ രണ്ടാം വിവാഹവും റിതീഷിന്റെ ആദ്യവിവാഹവുമായിരുന്നു ഇത്. രണ്ടു വർഷം മുൻപ് ട്വിങ്കിളിന്റെ ആദ്യ വിവാഹമോചന കേസിന്റെ നടപടികൾക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായി വിവാഹം കഴിക്കുന്നതും. സ്വന്തമായി ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു ട്വിങ്കിൾ.

എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതോടെ ആഡംബര എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് റിതീഷ് ട്വിങ്കിളുമായി വഴക്കുണ്ടാക്കാൻ തുടങ്ങി. അന്ന് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പിന്നീട് ബൈക്ക് വേണമെന്നായി ആവശ്യം. ഒക്ടോബർ 21-നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയായിരുന്നു.

“നീ എന്നേക്കാൾ നന്നായി സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എനിക്കൊരു കാർ വാങ്ങിത്തന്നാൽ എന്താ” എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ അയൽവീട്ടിൽ അഭയം തേടിയ ട്വിങ്കിളിനെ റിതീഷ് അവിടെയെത്തിയും മർദിച്ചു. യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ട് മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് യുവതിയെ രക്ഷപെടുത്തിയത്.