ആത്മീയ ആചാര്യൻ സ്വാമി ചിന്മയാനന്ദന്റെ എ.ഐ അവതാറിനോട് അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചിന്മയ അമൃത മഹോത്സവ് ഗ്ലോബൽ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം സ്വാമിജിയുടെ അനുഗ്രഹം തേടിയത്.
1993-ൽ സ്വാമി ചിന്മയാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി വേദിയിൽ അനുസ്മരിച്ചു. എഐ അവതാറിലൂടെ ഗുരുവിന്റെ സാന്നിധ്യം കണ്ടപ്പോൾ 33 വർഷം പിന്നിലേക്ക് സഞ്ചരിച്ചതുപോലെ തോന്നിയെന്നും താൻ ചെയ്യുന്ന രാജ്യസേവനങ്ങൾക്കായി സ്വാമിജിയുടെ അനുഗ്രഹം തേടുന്നുവെന്നും മോദി പറഞ്ഞു.
1993 ഫെബ്രുവരിയിലോ മാർച്ചിലോ ആണ് താൻ അവസാനമായി സ്വാമിജിയെ കണ്ടതെന്നും ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നതായും പ്രധാനമന്ത്രി ഓർത്തെടുത്തു. എന്നാൽ 1993 ഓഗസ്റ്റ് മൂന്നിന് സ്വാമി ചിന്മയാനന്ദൻ സമാധിയാകുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ നിലയിൽ കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സ്വാമി ചിന്മയാനന്ദന്റെ ഹോളോഗ്രാഫിക് രൂപം മറുപടി നൽകി. ‘ഇന്ത്യ നിങ്ങളോടൊപ്പമുണ്ട്, നരേന്ദ്ര’ എന്നും എഐ അവതാറിലൂടെ അദ്ദേഹം ആശംസിച്ചു.
1916 മേയ് എട്ടിന് എറണാകുളത്തെ പൂതംപള്ളി തറവാട്ടിലായിരുന്നു സ്വാമി ചിന്മയാനന്ദന്റെ ജനനം. ബാലകൃഷ്ണ മേനോൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. പത്രപ്രവർത്തകനായി ഋഷികേശിലെ സ്വാമി ശിവാനന്ദയുടെ മഠത്തിലെത്തിയ അദ്ദേഹം അവിടെനിന്നാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. തുടർന്ന് ഉത്തരകാശിയിലെത്തി സ്വാമി തപോവന്റെ ശിക്ഷണത്തിൽ വേദാന്തം പഠിച്ച ശേഷമാണ് ചിന്മയ മിഷന് രൂപം നൽകിയത്.
1951-ൽ ഭഗവദ്ഗീതയെക്കുറിച്ചും മറ്റ് വേദാന്ത ഗ്രന്ഥങ്ങളെക്കുറിച്ചും പ്രഭാഷണങ്ങൾ നൽകാൻ തുടങ്ങിയ അദ്ദേഹം, സങ്കീർണ്ണമായ തത്ത്വചിന്തകൾ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. 1953-ൽ ഔദ്യോഗികമായി സ്ഥാപിതമായ ചിന്മയ മിഷൻ പിന്നീട് അന്താരാഷ്ട്ര തലത്തിൽ വളർന്നു. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഠന ഗ്രൂപ്പുകൾ, യൂത്ത് പ്രോഗ്രാമുകൾ, സാമൂഹിക സേവനങ്ങൾ എന്നിവയിലൂടെ പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു.
ഈ വലിയ പാരമ്പര്യത്തെ പുതിയൊരു യുഗത്തിലേക്ക് എത്തിക്കുകയാണ് ഈ എ.ഐ അവതാർ. ചിന്മയ മിഷന്റെ ആർക്കൈവുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വാമിജിയുടെ ചിത്രങ്ങൾ, കത്തുകൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ശബ്ദവും രൂപവും സംസാരരീതിയും എ.ഐ സാങ്കേതികവിദ്യ വഴി പുനഃസൃഷ്ടിച്ചിരിക്കുന്നത്. വിഷ്വൽ ഹോളോഗ്രാം കൂടി ചേർന്നപ്പോൾ അത് തികച്ചും നേരിട്ടുള്ള സംഭാഷണം പോലെ തോന്നിപ്പിച്ചു.
എങ്കിലും സാങ്കേതികവിദ്യയ്ക്ക് മാത്രം ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യം ഇവിടെ ഉയരുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റലായി പുനഃസൃഷ്ടിച്ച ഒരു രൂപത്തിന് ഒരു ഗുരുവിന്റെ യഥാർത്ഥ ജ്ഞാനത്തെ പ്രതിനിധീകരിക്കാൻ സാധിക്കുമോ, അതോ അത് വെറും വാക്കുകളുടെയും ഓർമ്മകളുടെയും പുനരുൽപ്പാദനം മാത്രമാണോ? ഭക്തരെ സംബന്ധിച്ചിടത്തോളം, പുസ്തകങ്ങളിലും റെക്കോർഡിംഗുകളിലും മാത്രം ഒതുങ്ങിനിൽക്കാമായിരുന്ന ഉപദേശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ അവതാർ സഹായിച്ചേക്കാം. എന്നാൽ എ.ഐ വഴി ഉണ്ടാക്കിയെടുക്കുന്ന ഒരു സംഭാഷണം ഒരിക്കലും നേരിട്ടുള്ള ഒരു ആത്മീയ അനുഭവത്തിന് പകരമാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.




