Crime

വിളിക്കണ്ടാരുന്നു….! അമ്മാവന്റെ സ്വര്‍ണം മോഷ്‌ടിച്ച്‌ എസ്‌.യു.വി വാങ്ങി; വാഹന പൂജയ്‌ക്ക്‌ വിളിച്ച്‌ മരുമകന്‍ കുടുങ്ങി

മുംബൈ: അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചുവിറ്റ് ആഡംബര എസ്‌യുവി വാങ്ങിയ 19-കാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിലായി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. പൻഹാല താലൂക്കിലെ സാതവേ സ്വദേശിയായ സമർ ചവാൻ (19) എന്ന യുവാവാണ് സ്വന്തം അമ്മാവനായ ഉമേഷ് ചവാന്റെ വീട്ടിൽനിന്ന് സ്വർണം കവർന്നത്. പുതിയ വാഹനത്തിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും കുടുംബത്തെയും ക്ഷണിച്ചതാണ് കേസിൽ നിർണായകമായത്. ചടങ്ങിൽ പങ്കെടുക്കാൻ ധരിക്കാനായി ആഭരണങ്ങൾ എടുത്തപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഉമേഷ് അറിയുന്നത്.

അടുത്തടുത്ത വീടുകളിലാണ് അമ്മാവനും മരുമകനും താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് സമർ അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നത്. തുടർന്ന് സ്വർണപ്പണിക്കാരനായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ഈ പണം ഉപയോഗിച്ച് പുതിയ എസ്‌യുവി വാങ്ങുകയുമായിരുന്നു. കാർ വീട്ടിലെത്തിച്ച ശേഷമാണ് സമർ അമ്മാവനെയും കുടുംബത്തെയും വാഹനപൂജയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.

പൂജയ്ക്ക് പോകാനായി ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം ഉമേഷ് അറിയുന്നതും തുടർന്ന് പൊലീസിൽ പരാതി നൽകുന്നതും. പെട്ടെന്ന് സമറിന് പുതിയ കാർ വാങ്ങാനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.