Celebrity

സോഫയിൽകിടന്ന് ‘പരസ്യ’ പ്രണയസല്ലാപം: കാമുകിയുമായി യമാൽ പാരിസിലേക്ക് പറന്നു, ഗോസിപ്പുകൾക്ക് മറുപടി – വീഡിയോ

പാരിസ്:∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പുറത്തുവിട്ടത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കുറപ്പോടെയാണ് ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്.

ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ ആരംഭിച്ചതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെ ലഭിച്ച ഒരു ദിവസത്തെ ഇടവേളയിലാണ് താരവും കാമുകിയും കൂടി പാരിസിലേക്ക് പറന്നത്. സ്വകാര്യ ജെറ്റിലായിരുന്നു ഇവരുടെ യാത്ര. പാരിസിൽ യമാലിനൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഒരു ആൽബം തന്നെയാണ് ഇനസ് ഗാർഷ്യ പങ്കുവച്ചിരിക്കുന്നത്. ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ കഴിച്ച ഭക്ഷണം, സന്ദർശിച്ച ആഡംബര ഷോപ്പുകൾ, നടത്തിയ സൈക്കിൾ സവാരി എന്നിവയുടെ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൈക്കിൾ സവാരിയെക്കുറിച്ച് ലമീൻ യമാൽ രസകരമായ ഒരു കമന്റും പോസ്റ്റിനു താഴെ കുറിച്ചിട്ടുണ്ട്. ‘‘ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ ജീവനേ, പക്ഷേ ഇനി നിന്നെ ഞാൻ സൈക്കിൾ ഓടിക്കാൻ അനുവദിക്കില്ല’’ എന്നായിരുന്നു തമാശരൂപേണയുള്ള യമാലിന്റെ വാക്കുകൾ. ഇനസ് ഓടിച്ചിരുന്ന സൈക്കിൾ മറിഞ്ഞുകിടക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ട്. പാരിസിലെ തങ്ങളുടെ പ്രണയദിനം ചെലവഴിക്കാൻ അവർ തിരഞ്ഞെടുത്തത് അവിടുത്തെ ഏറ്റവും ആഡംബരമേറിയ ഹോട്ടലാണ്. ഏകദേശം 4,000 യൂറോയോളമാണ് (3.7 ലക്ഷം രൂപ) ഇതിന്റെ ഒരു ദിവസത്തെ മുറിവാടക.

ഒരു സോഫയിൽ ഇരുവരും പ്രണയാതുരരായി കിടന്നു സംസാരിക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. പരിസരം മറന്ന് ഇരുവരും പ്രണയസല്ലാപം നടത്തുന്നതാണ് ഇതിലുള്ളത്. പാരിസ് യാത്രയുടെ ചിത്രങ്ങൾ ലമീൻ യമാലും സ്വന്തം അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. ‘രാജകുമാരി’ എന്ന വിശേഷണത്തോടെയാണ് ഇനസിന്റെ ചിത്രങ്ങൾ യമാൽ റീപ്പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ യൂറോ കപ്പ് മുതൽ യമാലും ഇനസും തമ്മിലുള്ള പ്രണയം സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. യമാലിന്റെ മത്സരങ്ങൾ കാണാൻ ഇനസ് സ്റ്റേഡിയങ്ങളിൽ സ്ഥിരം എത്താറുണ്ടായിരുന്നു. സ്പെയിൻ കിരീടം നേടിയതിനു പിന്നാലെ ഇരുവരും ഒന്നിച്ച് ചിത്രങ്ങൾ പകരുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ പരന്നു. ഈ പ്രചാരണങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഇരുവരും പാരിസ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ 19 വയസ്സുകാരനായ ലമീൻ യമാലും 21 വയസ്സുകാരിയായ ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത്. ഫാഷന്‍ ഇൻഫ്ലുവന്‍സറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. നേരത്തേ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായി പ്രണയത്തിലായിരുന്ന ലമീൻ യമാല്‍, ആ ബന്ധം അവസാനിച്ച ശേഷമാണ് ഇനസുമായി അടുക്കുന്നത്. 2023-ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽ അരങ്ങേറിയ യമാല്‍ നിലവില്‍ ബാഴ്സയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും പ്രധാന ഫോർവേഡാണ്.