ഓഗസ്റ്റ് 26-നുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും തകർന്ന് നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് നേപ്പാൾ. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുവീഴ്ചയും പാറയിടിച്ചിലുമാണ് പ്രളയത്തിന് കാരണമായത്. ഇത് നേപ്പാളിലും ചൈനയിലും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇതിനിടെ, ദുരന്തഭൂമിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം വൻതോതിൽ ജനങ്ങളുടെ കണ്ണുനനയിക്കുകയാണ്. കാണാതായ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന ഒരു ആൺകുട്ടിയും അവന്റെ മുതുകിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്ന അനിയത്തിയുമാണ് വീഡിയോയിലുള്ളത്.
പരിക്കേറ്റ നിലയിലുമുള്ള ഈ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് വിഷമവും സഹതാപവും പങ്കുവെച്ചത്. എന്നാൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി കുട്ടികളെ സഹായിക്കാൻ തയ്യാറായോ എന്ന് ചോദ്യമുയർത്തി നിരവധി പേർ രംഗത്തെത്തി. തരംഗമാകാൻ വേണ്ടി മാത്രം വീഡിയോ പകർത്തുന്നതിന് പകരം അവർക്ക് ആദ്യം പ്രാഥമിക ചികിത്സയും ഭക്ഷണവും അഭയവും നൽകുകയാണ് വേണ്ടതെന്ന് ആളുകൾ കമന്റുകളിലൂടെ പ്രതികരിച്ചു.
ഓഗസ്റ്റ് 31 തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി ഉയർന്നതായി അധികൃതർ വ്യക്തമാക്കി. നാലായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹിമാലയൻ അതിർത്തി പ്രദേശത്തിലൂടെ ഒഴുകുന്ന ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതാണ് വീടുകളും വാഹനങ്ങളും പാലങ്ങളും ഒഴുക്കിക്കൊണ്ടുപോയ വലിയ ദുരന്തത്തിന് വഴിവെച്ചത്.




